തന്റെ മികച്ച കരിയറിൽ തന്നെ നിരന്തരം വെല്ലുവിളിച്ച ബാറ്റ്സ്മാൻ ആരാണെന്ന് വെളിപ്പെടുത്തി ഓസ്‌ട്രേലിയയുടെ വെറ്ററൻ സ്പീഡ്സ്റ്റർ മിച്ചൽ സ്റ്റാർക്ക്. ആ കളിക്കാരൻ മറ്റാരുമല്ല, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‌ലിയാണ്. 35 വയസ്സുള്ള സ്റ്റാർക്ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ്. 2025-26 ലെ ആഷസിന്റെ ആദ്യ ടെസ്റ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഉൾപ്പെടെ മത്സര വിജയ സ്പെല്ലുകൾ നൽകുന്നത് ഇപ്പോഴും തുടരുകയാണ് താരം. കഴിഞ്ഞ ദശകത്തിൽ രോഹിത് ശർമ്മ, കെയ്ൻ വില്യംസൺ, ജോ റൂട്ട് തുടങ്ങിയ നിരവധി ആധുനിക കാലത്തെ മികച്ച താരങ്ങൾക്കെതിന്റെ പന്തെറിഞ്ഞിട്ടുണ്ടെങ്കിലും, കോഹ്‌ലി അവതരിപ്പിച്ച വെല്ലുവിളിയുടെ തീവ്രതയോളം ആരും വരില്ല എന്നും ഓസ്‌ട്രേലിയൻ താരം പറഞ്ഞു.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നാണ് കോഹ്‌ലിയും സ്റ്റാർക്കും തമ്മിലുള്ള മത്സരം. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള എല്ലാ ഫോർമാറ്റുകളിലും നിഴലിക്കുന്ന തീവ്രത തന്നെയാണ് ഇതിന് കാരണം. തങ്ങളുടെ കരിയറിലെ ഓരോ ഘട്ടത്തിലും, മറ്റേതൊരു കളിക്കാരനേക്കാളും കൂടുതൽ ശക്തനായി മുന്നോട്ട് പോകാനും മികവ് കാണിക്കാനും കോഹ്‌ലിക്ക് കഴിഞ്ഞുവെന്ന് ഓസ്‌ട്രേലിയൻ താരം അഭിപ്രായപ്പെട്ടു.
“ഞാൻ കളിച്ചിട്ടുള്ളതിൽ വച്ച് ഒന്നാം നമ്പർ ബാറ്റ്‌സ്മാനാണ് വിരാട് കോഹ്‌ലി. കളിയിൽ അദ്ദേഹം ആധിപത്യം സ്ഥാപിക്കുന്ന രീതി മറ്റാരും അത് പോലെ ചെയ്തിട്ടില്ല. ആർസിബിയുടെ കാലത്ത് അദ്ദേഹവുമായുള്ള ആ ബന്ധം അത്ഭുതകരമായിരുന്നു,” മിച്ചൽ സ്റ്റാർക്ക് പറഞ്ഞു.
ടെസ്റ്റിൽ സ്റ്റാർക്കിന്റെ 477 പന്തുകൾ നേരിട്ട കോഹ്‌ലി 46.3 എന്ന മികച്ച ശരാശരിയിൽ 278 റൺസ് നേടി, അതേസമയം ഓസ്‌ട്രേലിയൻ സ്പീഡ്‌സ്റ്ററിന് ആറ് തവണ ഇന്ത്യൻ സൂപ്പർതാരത്തെ പുറത്താക്കാൻ കഴിഞ്ഞു. എന്നിരുന്നാലും, ഏകദിന ഫോർമാറ്റിൽ, സ്റ്റാർക്കിനെതിരെ 81 എന്ന മികച്ച ശരാശരിയിൽ 162 റൺസ് നേടി കോഹ്‌ലി ശ്രദ്ധേയമായ മികവ് പ്രകടിപ്പിച്ചു. ടി 20 യിലും കോഹ്‌ലിക്ക് തന്നെയാണ് സ്റ്റാക്കിന് മുകളിൽ ആധിപത്യം ഉള്ളത് എന്ന് കണക്കുകൾ കാണിക്കുന്നു.













Discussion about this post