ടോയ്ലറ്റ് പേപ്പര്‍ ഉപയോഗിച്ച് ടോയ്ലറ്റിന്റെ ഇരിക്കുന്ന സീറ്റ് തുടക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ജാപ്പനീസ് ടോയ്ലറ്റ് നിര്‍മ്മാണ കമ്പനിയായ ടോട്ടോ. തുടച്ചതിന് പിന്നാലെ ടോയ്ലറ്റ് സീറ്റിന് പോറല്‍ പറ്റിയത് ചൂണ്ടിക്കാട്ടി ഒരു ഉപയോക്താവ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വൈറലായതോടെയാണ് ജാപ്പനീസ് ടോയ്ലറ്റ് ബൗള്‍ നിര്‍മ്മാതാവായ ടോട്ടോ ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
തങ്ങള്‍ ഒരു പ്രത്യേക മെറ്റീരിയല്‍ ഉപയോഗിച്ചാണ് ടോയ്ലറ്റ് സീറ്റ് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയത്. ടോയ്ലറ്റ് പേപ്പറോ ഉണങ്ങിയ തുണിയോ ഉപയോഗിച്ച് സീറ്റ് തുടയ്ക്കുന്നത് ചെറിയതും അദൃശ്യവുമായ പോറലുകള്‍ക്ക് കാരണമാകും.
ടോട്ടോയുടെ മുന്‍നിര ബിഡെറ്റ് ടോയ്ലറ്റില്‍ ഒരു ഓട്ടോമാറ്റിക് ലിഡ്, എയര്‍ ഡ്രയര്‍, ബിഡെറ്റിന്റെ വാട്ടര്‍ സ്ട്രീമിനുള്ള പ്രഷര്‍ കണ്‍ട്രോളുകള്‍ എന്നിവ ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ടോയ്ലറ്റ് സീറ്റുകളില്‍ ഒന്നാണിത്. എന്നാല്‍ ഇക്കാരണത്താല്‍ തങ്ങളുടെ ടോയ്ലറ്റിന്റെ മെറ്റീരിയല്‍ മാറ്റാന്‍ നിലവില്‍ പദ്ധതിയില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.
ഉണങ്ങിയ ടോയ്ലറ്റ് പേപ്പറിന് പകരം, ടോയ്ലറ്റ് സീറ്റ് തുടയ്ക്കാന്‍ വെള്ളത്തില്‍ നനച്ച മൃദുവായ തുണിയോ ഡിറ്റര്‍ജന്റോ ഉപയോഗിക്കാം. ടോയ്ലറ്റ് സീറ്റിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ വരുത്തുന്ന കനംകുറഞ്ഞ സ്‌ക്രബ്ബറുകള്‍, നൈലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഉരച്ചിലുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും കമ്പനി പ്രത്യേകം പറയുന്നുണ്ട്.
Discussion about this post