മുംബൈ: ഗുജറാത്ത് തീരത്ത് ഏഴ് കോടിയോളം വിലമതിക്കുന്ന 232 കിലോയിലധികം മയക്കുമരുന്ന് കടത്തിയ കേസിൽ എട്ട് പാകിസ്താൻ പൗരന്മാർക്ക് 20 വർഷം തടവ് ശിക്ഷ. മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. എൻഡിപിഎസ് ആക്ട് കേസുകളുടെ പ്രത്യേക ജഡ്ജി ശശികാന്ത് ബംഗാർ, ലഹരി വിരുദ്ധ നിയമപ്രകാരമാണ് പ്രതികളെ ശിക്ഷിച്ചത്. പ്രതികൾക്ക് രണ്ട് ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.
2015ലാണ് കേസിനാസ്പദമായ സംഭവം. 6.96 കോടി രൂപ വിലമതിക്കുന്ന 232 കിലോ ഹെറോയിൻ കടത്തുകയായിരുന്ന ബോട്ടിൽ നിന്നാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പ്രതികളെ പിടികൂടിയത്. ബോട്ടിൽ ഗോതമ്പ് കലർന്ന ബ്രൗൺ കളർ പൊടി അടങ്ങിയ 20 പ്ലാസ്റ്റിക് പൗച്ചുകളുള്ള 11 ഡ്രമ്മുകൾ ഉണ്ടായിരുന്നു.
ഓരോ പാക്കറ്റും പരിശോധിച്ചതിൽ നിന്നാണ് ഹെറോയിൻ ആണെന്ന് കണ്ടെത്തിയത്.
എട്ട് പാകിസ്താൻ പൗരന്മാരുടെ പക്കൽ നിന്നും മൂന്ന് സാറ്റലൈറ്റ് ഫോണുകളും ജിപിഎസ് നാവിഗേഷൻ ചാർട്ടുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തി. പിടികൂടിയ പ്രതികളെ പിന്നീട് ദക്ഷിണ മുംബൈയിലെ യെല്ലോ ഗേറ്റ് പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post