അബുദാബി: തകര്‍ന്ന നിലയില്‍ കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ഉമ്മുല്‍ റുവൈനിലെ പുരാതന സൂര്യക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ യു എ ഇ ഒരുങ്ങുന്നു. ശമാഷ് എന്ന ദേവനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരുന്നതെന്ന് ചരിത്രാവശിഷ്ടങ്ങളില്‍ പുരാവസ്തു വിദഗ്ധരും ചരിത്രകാരന്മാരും നടത്തിയ പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. 1980ന്റെ അവസാനത്തിലാണ് ഇദുര്‍ എന്ന പ്രദേശത്തെ മരുഭൂമിയുടെ നടുവില്‍ ക്ഷേത്രം കണ്ടെത്തിയത്.
ഇദൂര് യുനെസ്കോയുടെ ലോക പൈതൃക പദവിക്കായി യു എ ഇ സമര്‍പിച്ച ആറു ചരിത്രപ്രധാന കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ്. ക്ഷേത്രത്തിലെ അരാമിക് ലിഖിതങ്ങളില്‍ നിന്നാണ് ആരാധനാമൂര്‍ത്തിയുടെ പേര് മനസ്സിലാക്കാന്‍ സാധിച്ചത്. നാലു ആള്‍ത്താരകള്‍, കിണര്‍ എന്നിവ ഇവിടെ ഉദ്ഖനനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും നേതൃത്വം നല്കിയ ബെല്‍ജിയന്‍ പുരാവസ്തു ശാസ്ത്രജ്ഞന് കണ്ടെത്തിയിരുന്നു.
സൂര്യക്ഷേത്രത്തെ കൂടുതല്‍ നാശത്തില്‍നിന്ന് രക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് തനത് രീതിയില്‍ ക്ഷേത്രം പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുന്നതെന്ന് പദ്ധതിയുമായി സഹകരിക്കുന്ന ഷാര്‍ജയിലെ ഇക്റോം അതാര് റീജ്യണല്‍ കണ്‍സര്‍വേഷന്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സാക്കി അസിയാന്‍ വ്യക്തമാക്കിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം ഇക്റോമും പുനര്‍ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്നുണ്ട്. ഇവിടെ നിന്നും കണ്ടെത്തിയ പരുന്ത് ഉള്‍പെടെയുള്ളവയുടെ അവശിഷ്ടങ്ങള്‍ മ്യൂസിയത്തിലേക്ക് മാറ്റിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാവും പരമ്പരാഗത രീതിയില്‍ പൗരാണികത നിലനിര്‍ത്തുന്ന തരത്തില്‍ സൂര്യക്ഷേത്രം പുനര്‍നിര്‍മിക്കുക. എണ്‍പതുകളില്‍ ഉണ്ടായിരുന്ന രീതിയിലേക്ക് ക്ഷേത്രത്തെ പുനര്‍സൃഷ്ടിക്കാനാണ് ശ്രമം. ആദ്യഘട്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. അവസാനഘട്ടം ആറു മാസത്തിനകം പൂര്‍ത്തീകരിക്കും.
Discussion about this post