ബംഗളൂരു: കേരളമോഡൽ പിന്തുടർന്ന് കടമെടുപ്പിൽ ബഹുദൂരം മുന്നോട്ട് പോയി കർണാടക സർക്കാർ. ഈ കഴിഞ്ഞ സെപ്തംബറിനും നവംബറിനുമിടയിൽ മാത്രം സർക്കാരിന്റെ കടമെടുപ്പ് 347 ശതമാനമാണ് വർദ്ധിച്ചത്. തിരഞ്ഞെടുപ്പ് കാലത്തെ ‘സൗജന്യ’ വാഗ്ദാനങ്ങൾ പാലിക്കാനാണ് സർക്കാർ വരുമാനത്തിന്റെ സിംഹഭാഗവും ചെലവിടുന്നതെന്നാണ് വിവരംയ ക്ഷേമാധിഷ്ഠിത ഗ്യാരണ്ടി പദ്ധതികൾക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും പണം നൽകേണ്ടത് ഉള്ളതിനാൽ കടമെടുപ്പ് ഇനിയും വർദ്ധിക്കുമെന്നാണ് വിവരം.
ധനകാര്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം സെപ്റ്റംബർ അവസാനത്തോടെ സർക്കാർ 7,349 കോടി രൂപ കടമെടുത്തു. നവംബർ അവസാനത്തോടെ ഈ സംഖ്യ 32,884 കോടി രൂപയായി ഉയർന്നു.നടപ്പ് 2024-25 സാമ്പത്തിക വർഷത്തിൽ കർണാടക മൊത്തം 1.05 ലക്ഷം കോടി രൂപ കടമെടുക്കുമെന്ന് കണക്കാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനം 90,280 കോടി രൂപ കടമെടുത്തു. കടം വാങ്ങിയ പണം കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടയ്ക്കാനും വികസന പ്രവർത്തനങ്ങൾക്ക് പണം നൽകാനും ഉപയോഗിക്കുന്നുവെന്ന് കർണാടക അഡീഷണൽ ചീഫ് സെക്രട്ടറി എൽകെ അതീഖ് പറയുന്നു. പുതുവർഷത്തിൽ ഈ ജനുവരി മുതൽ മാർച്ച് വരെയുള്ള ചിലവുകൾക്കായി 48,000 കോടിരൂപയാണ് കർണാടക കടമെടുക്കുന്നത്. ആഴ്ചയിൽ 4000 കോടിരൂപയാണ് ചെലവ് കണക്കാക്കുന്നത്.
കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടയ്ക്കാൻ സർക്കാരിന് പ്രതിമാസം ശരാശരി 4,141 കോടി രൂപ ആവശ്യമാണ്. നടപ്പുസാമ്പത്തിക വർഷാവസാനത്തോടെ കർണാടകയുടെ മൊത്തം കുടിശ്ശിക ബാധ്യതകൾ 6.65 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. മൊത്തം കുടിശ്ശികയുള്ള ബാധ്യതകൾ ജിഎസ്ഡിപിയുടെ 23.24% ആണ്, ഇത് കർണാടക ഫിസ്‌ക്കൽ റെസ്പോൺസിബിലിറ്റി ആക്റ്റ് പ്രകാരം നിശ്ചയിച്ചിട്ടുള്ള 25% പരിധിക്കുള്ളിലാണ്. 52,009 കോടി രൂപയാണ് ഈ വർഷത്തെ ഗ്യാരന്റി പദ്ധതികളുടെ ആകെ അടങ്കൽ. 4,334 കോടി രൂപയാണ് പ്രതിമാസ ആവശ്യം. ഈ വർഷം ഒക്ടോബർ വരെ 24,235 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ഗുണഭോക്താക്കളുടെ എണ്ണത്തിലെ വ്യത്യാസം കാരണം ഗ്യാരണ്ടി പദ്ധതികളുടെ ബജറ്റ് ആവശ്യകതകൾ സർക്കാരിന് പ്രവചിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ നിയമസഭയിൽ പറഞ്ഞിരുന്നു.
Discussion about this post