തിരുവനന്തപുരം: ഷാരോൺ രാജ് കൊലക്കേസിൽ പ്രതികളുടെ ശിക്ഷാവിധി ഈ മാസം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ഈ മാസം 17 നാണ് കേസിൽ വിധി പറയുക. ഗ്രീഷ്മയാണ് കേസിലെ ഒന്നാം പ്രതി.
കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായിരുന്നു. ഇതേ തുടർന്നാണ് ഈ മാസം വിധി പറയുന്നത്. മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വാദപ്രതിവാദങ്ങൾ. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
പ്രണയ ബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ഷാരോണിനെ കീടനാശിനി നൽകി ഗ്രീഷ്മ കൊലപ്പെടുത്തിയത്. ആദ്യം ജ്യൂസിൽ അളവിൽ അധികം പാരസെറ്റമോൾ ഗുളിക കലർത്തി ജ്യൂസ് ചാലഞ്ച് എന്ന പേരിൽ ഷാരോണിന് കുടിയ്ക്കാൻ നൽകുകയായിരുന്നു. എന്നാൽ ഇത് പൂർണമായും ഷാരോൺ കുടിച്ചിരുന്നില്ല. ഇതിന് പിന്നാലെ കഷായത്തിൽ കീടനാശിനി കലർത്തി നൽകുകയായിരുന്നു.
ഷാരോണിനെ കൊല്ലുന്നതിന് വേണ്ടിയല്ല പാരസെറ്റമോളിനെക്കുറിച്ച് ഇന്റർനെറ്റിൽ തപ്പിയത് എന്നാണ് പ്രതിഭാഗത്തിന്റെ പ്രധാന വാദം. പനി ആയതുകൊണ്ടാണ് നെറ്റിൽ ഗുളികയെക്കുറിച്ച് തിരഞ്ഞത്. ഗ്രീഷ്മയ്ക്ക് ആത്മഹത്യാപ്രവണതയുണ്ട്. ഇതിനായി കഷായത്തിൽ വിഷം കലർത്തി. ഗ്രീഷ്മ മുഖം കഴുകാൻ പോയ സമയം ഷാരോൺ കഷായം ഒറ്റയ്ക്ക് എടുത്ത് കുടിയ്ക്കുകയായിരുന്നുവെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.
എന്നാൽ ഇതെല്ലാം കെട്ടുകഥകൾ ആണെന്ന് വാദിഭാഗം ശക്തമായി വാദിച്ചു. ഡിജിറ്റൽ തെളിവുകളുടെയും മെഡിക്കൽ, ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞു. വീട്ടിലേക്ക് വിളിച്ചുവരുത്തി ഷാരോണിന് ഗ്രീഷ്മ വിഷം നൽകുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
Discussion about this post