ന്യൂഡൽഹി; പ്രതിരോധമേഖലയിൽ ഇന്ത്യയ്ക്ക് കരുത്തു കൂട്ടാൻ അത്യാധുനിക ഡ്രോൺ എത്തുന്നു. ആത്മനിർഭരതയിലൂന്നിയ ഇന്ത്യയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാവുന്ന മീഡിയം ആൾട്ടിട്ട്യൂഡ് ലോങ് എൻഡ്യുറൻസ് ( MALE) അൺമാൻഡ് ഏരിയൽ വെഹിക്കിൾ ( UAV) വിഭാഗത്തിൽ വരുന്ന ഡ്രോണായ ആർച്ചർ ആണ് ഇനി ആകാശത്ത് കാവലാകുക. ശത്രുതാവളങ്ങൾ ആക്രമിക്കാനും രഹസ്യനിരീക്ഷണം നടത്താനും, ആക്രമണമണ ലക്ഷ്യങ്ങൾ കണ്ടെത്താനുമുപയോഗിക്കാവുന്ന ഡ്രോണാണിത്. നിലവിൽ ഇസ്രയേലി സാങ്കേതികവിദ്യയെയാണ് യുഎവികളുടെ കാര്യത്തിൽ ഇന്ത്യ ആശ്രയിക്കുന്നത്. ഇസ്രയേലിൽ നിന്നും ഹെറോൺ, സെർച്ചർ II ഡ്രോണുകൾ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. തപസിന്റേയും ആർച്ചറിന്റേയും വരവ് യുഎവികളുടെ കാര്യത്തിൽ ഇന്ത്യയ്ക്ക് വലിയ നേട്ടമാവും.
നേരത്തെ റസ്റ്റം-2 എന്ന് വിളിച്ചിരുന്ന പദ്ധതിയാണ് പിന്നീട് ആർച്ചർ ആയി മാറിയത്. 1.8 ടൺ ഭാരമുള്ള ആർച്ചറിന് 400 കിലോയോളം പേലോഡുകൾ വഹിക്കാനാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള തരത്തിലാണ് ആർച്ചറിനെ വികസിപ്പിക്കുന്നത്. 30,000 അടി ഉയരത്തിൽ 24 മണിക്കൂറോളം തുടർച്ചയായി പറക്കാൻ സാധിക്കുന്ന ഡ്രോണാകും ആർച്ചർ. ആർച്ചലിന് 250 കിലോമീറ്റർ ദൂരത്തിലേക്ക് ഭൂമിയിലിരുന്ന നിയന്ത്രിക്കാൻ സാധിക്കും. 1000 കിലോമീറ്റർ ദൂരത്തേക്ക് വരെ പറന്ന് ചെല്ലാൻ ആർച്ചറിന് സാധിക്കും. സ്വയം നിയന്ത്രിക്കാനും എതിരെവരുന്ന വിമാനങ്ങളും ഡ്രോണുകളും ശത്രുവാണോയെന്ന് തിരിച്ചറിയാനും ഇതിന് സാധിക്കും.
ഇതിന്റെ എയർഫ്രെയിമിന്റെ കരുത്തും പ്രൊപ്പൽഷൻ സംവിധാനത്തിന്റെ കാര്യക്ഷമതയുമൊക്കെ ടാക്സി ട്രയലുകളിൽ പരീക്ഷിച്ചിരുന്നു.ഹൈ സ്പീഡ് ടാക്സി ട്രയലുകളിലും ലോ സ്പീഡ് ടാക്സി ട്രയലുകളിലും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതോടെ ആദ്യ പരീക്ഷണ പറക്കലിനൊരുങ്ങുകയാണ് ആർച്ചർ.. ആർച്ചറിന്റെ രണ്ട് വകഭേദങ്ങളാണ് പരീക്ഷിക്കാനൊരുങ്ങുന്നത്. ആർച്ചർ നെക്സ്റ്റ് ജനറേഷനും ആർച്ചർ ഷോർട്ട് റേഞ്ച് ഡ്രോണും. രണ്ടിന്റെയും ഉദ്ദേശലക്ഷ്യങ്ങൾ ഒന്നാണെങ്കിലും ദൂരപരിധിയിൽ വ്യത്യാസങ്ങളുണ്ട്. ആർച്ചർ ഷോർട്ട് റേഞ്ചിന് 22,000 അടി ഉയരത്തിൽ വരെമാത്രമേ പറന്നുയരാനാകു. 12 മണിക്കൂർ ആണ് ഇതിന്റെ എൻഡ്യുറൻസ്. അതായത് അത്രയും സമയം മാത്രമേ ഇതിനെ തുടർച്ചയായി ഉപയോഗിക്കാനാകു. ആർച്ചർ നെക്സ്റ്റ് ജനറേഷനെ 30,000 അടി ഉയരത്തിൽ പറത്തി 18 മുതൽ 24 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാനാകും.
Discussion about this post