ന്യൂഡൽഹി; ബഹിരാകാശത്ത് നിർണായക നേട്ടങ്ങൾ സ്വന്തമാക്കി ഐഎസ്ആർഒ. ബഹിരാകാശത്ത് യന്ത്രക്കൈ പ്രവർത്തിപ്പിച്ചതാണ് ഒരു നേട്ടം. റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ പരീക്ഷണമാണ് ഇസ്രോ വിജയകരമായി പൂർത്തീകരിച്ചക്. തിരുവനന്തപുരത്തെ ഐഎസ്ആർഒയുടെ ഇനേർഷ്യൽ സിസ്റ്റം യൂണിറ്റിൽ ആണ് യന്ത്രക്കൈ വികസിപ്പിച്ചത്.
മറ്റൊന്ന് ഗുരുത്വാകർഷണബലം പോലുമില്ലാത്ത ബഹിരാകാശത്ത് ഇസ്രോ പയർവിത്ത് മുളപ്പിച്ചതാണ്. പിഎസ്എൽവി സി 60 റോക്കറ്റ് ഉപയോഗിച്ച് ഈ കഴിഞ്ഞ തിങ്കളാഴ്ച വിക്ഷേപിച്ച പിഎസ്എൽവി-ഓർബിറ്റൽ എക്‌സ്പിരിമെന്റ് മൊഡ്യൂൾ(പോയം-4) ദൗത്യത്തിന്റെ ഭാഗമായാണ് എട്ട് പയർവിത്തുകൾ ബഹിരാകാശത്ത് എത്തിച്ചത്. ബഹിരാകാശത്ത് എത്തി നാല് ദിവസങ്ങൾക്ക് ശേഷമാണ് മുളപൊട്ടിയത്.
ദൗത്യത്തിലെ 24 പരീക്ഷണ ഉപകരണങ്ങളിലൊന്നായ കോംപാക്റ്റ് റിസർച്ച് മൊഡ്യൂൾ ഫോർ ഓർബിറ്റൽ പ്ലാന്റ് സ്റ്റഡീസ് അഥവാ ക്രോപ്‌സ് ഉപയോഗിച്ചാണ് ഇസ്രോ വിത്തുകൾ മുളപ്പിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ആണ് ക്രോപ്‌സ് വികസിപ്പിച്ചത്.
അതേസമയം ബഹിരാകാശ പേടകം അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വിവിധ ആവശ്യങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കുന്നത് ഉദ്ദേശിച്ചിട്ടുള്ളതാണ് യന്ത്രക്കൈകൾ.
Discussion about this post