ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാനൊരുങ്ങി ഇന്ത്യൻ കയറ്റുമതി രംഗം. ഇത്തവണ ഇന്ത്യയിൽ നിന്നും കയറ്റിയയക്കുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും സംഖ്യ 800 ബില്യൺ ഡോളർ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക യാത്രയിൽ ഇത് ശ്രദ്ധേയമായൊരു നാഴികക്കല്ല് ആയിരിക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വെള്ളിയാഴ്ച പറഞ്ഞു.
പ്രതീക്ഷിക്കപ്പെടുന്ന ഈ കണക്കിൽ മുൻ വർഷത്തെ മൊത്തം കയറ്റുമതിയായ 778 ബില്യൺ ഡോളറിൽ നിന്നും ഗണ്യമായ വർദ്ധനവ് ഉണ്ടെന്ന് മാത്രമല്ല, ഇത് ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യയുടെ കയറ്റുമതി മേഖലയുടെ പ്രതിരോധശേഷിയെ കാണിക്കുകയും ചെയ്യുന്നുണ്ട്.
“ഞങ്ങളുടെ കയറ്റുമതി 800 ബില്യൺ ഡോളർ കടക്കുമെന്നാണ് എൻ്റെ കണക്കുകൂട്ടൽ, ലോക സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇത് വലിയ നേട്ടമാണ്,” ഗോയൽ പറഞ്ഞു.
ഇന്ത്യയുടെ വൈവിധ്യമാർന്ന കയറ്റുമതി വിപണിയും സേവന കയറ്റുമതിയുടെ ദ്രുതഗതിയിലുള്ള വളർച്ചയും ഈ പ്രതിരോധത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഫോറെക്സ് പ്രതിസന്ധികൾ, കോവിഡ് പാൻഡെമിക്, ചെങ്കടൽ പ്രതിസന്ധി മൂലമുണ്ടാകുന്ന ഷിപ്പിംഗിലെ തടസ്സങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന വെല്ലുവിളികൾ അദ്ദേഹം അംഗീകരിച്ചു.
ഈ പ്രശ്‌നങ്ങൾക്കിടയിലും, സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുള്ള മേഖലകളിൽ പോലും, ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതിയിൽ ഇന്ത്യ ഗണ്യമായ വളർച്ച കൈവരിച്ചു.
Discussion about this post