ചെന്നൈ: സംഗീത സംവിധായകൻ എ.ആർ റഹ്‌മാനെതിരെ രൂക്ഷ വിമർശനവുമായി ഗായകൻ അഭിജിത്ത് ഭട്ടാചാര്യ. ഒന്നിച്ച് ജോലി ചെയ്യുമ്പോഴുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റഹ്‌മാന് കൃത്യനിഷ്ടയില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അഭിജിത്ത് ഭട്ടാചാര്യ.
ഒരു ദിവസം എ.ആർ റഹ്‌മാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിനൊപ്പം ജോലി ചെയ്യാൻ പോയെന്ന് അഭിജിത്ത് പറഞ്ഞു. ഈ സമയം ഡബ്ബിംഗിന്റെ തിരക്കിൽ ആയിരുന്നു ഞാൻ. എന്നിട്ടും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാമല്ലോ എന്ന് ഓർത്ത് അവിടെ പോയി. എന്നാൽ ഏറെ നേരം കാത്ത് നിന്നിട്ടും അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. അടുത്ത ദിവസം രാവിലെ റെക്കോർഡ് ചെയ്യാമെന്ന് പറഞ്ഞ് പിന്നീട് ഞാൻ അവിടെ നിന്നും പോയി.
പിന്നാലെ പുലർച്ചെ രണ്ട് മണിയ്ക്ക് മുറിയിലേക്ക് വരണമെന്ന് പറഞ്ഞ് ഫോൺ വിളിച്ചു. ഉറങ്ങുകയാണെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു. നേരം പുലർന്നപ്പോഴാണ് പിന്നീട് സ്റ്റുഡിയോയിൽ പോയത്. എന്നാൽ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല.
റഹ്‌മാന്റെ അസിസ്റ്റന്റ് ആണ് അന്ന് അവിടെ ഉണ്ടായിരുന്നത്. അയാളുടെ നിർബന്ധത്തിൽ വയ്യാതിരുന്നിട്ടും പാട്ടുപാടി. റെക്കോർഡിംഗിന് ശേഷം പലതവണ അദ്ദേഹവുമായി ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷെ ഫലം കണ്ടില്ല. ഏറെ നേരം അദ്ദേഹത്തിന് വേണ്ടി കാത്തുനിന്നിട്ടുണ്ടെന്നും അഭിജിത്ത് കൂട്ടിച്ചേർത്തു.
Discussion about this post