ഇന്ത്യക്കാരുടെ ഒരു വികാരം തന്നെയാണ് ചായ. ചായയില്ലാതെ ഒരു ദിവസം തുടങ്ങുക എന്നത് ഒരു ഇന്ത്യക്കാരനും ചിന്തിക്കാൻ പോലും കഴിയില്ല. പ്രത്യേകിച്ചും മലയാളികളുടെ കാര്യത്തിൽ ഇത് ൽപ്പം നിർബന്ധമുള്ള കാര്യമാണ്.
ഒരു കപ്പ് ചായ കുടിക്കുമ്പോൾ അതിനൊപ്പം എന്തെങ്കിലുമൊരു എണ്ണക്കടി കൂടി വേണമെന്നും നമ്മളിൽ പലർക്കുമുണ്ട്. ഇനി എണ്ണക്കടികൾ എപ്പോഴും വാങ്ങാൻ കഴിയാത്തതുകൊണ്ടു തന്നെ ഒരു പാക്കറ്റ് ബിസ്‌കറ്റോ റസ്‌കോ എന്തായാലും ഉണ്ടാകുമെന്ന് ഉറപ്പാണ്. വീടുകളിൽ മാത്രമല്ല, എന്തെങ്കിലുമൊരു പരിപാടിക്കും ഇത് തന്നെയാണ് മിക്കപ്പോഴുമുള്ള രീതി.
എന്നാൽ, ദിനംപ്രതിയുള്ള ചായ രീതി അത്ര നല്ലതല്ലെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇനി അത്ര നിർബന്ധമാണെങ്കിൽ, ചായയ്‌ക്കൊപ്പം ബിസ്‌കറ്റും റസ്‌ക്കും എണ്ണക്കടികളുമെല്ലാം കഴിക്കുന്നത് ഏറെ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇവയുടെ അമിത ഉപയോഗം മൂലം ഇന്ത്യയിൽ പ്രമേഹം, പൊണ്ണത്തടി, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയിൽ വലിയ വർദ്ധനവുണ്ടായതായി കണക്കുകൾ പറയുന്നു.
ഉയർന്ന കലോറി, കൊഴുപ്പ്, സോഡിയം എന്നിവയടങ്ങിയ എണ്ണക്കടികൾ പതിവായി ചായയ്‌ക്കൊപ്പം കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കടയിൽ നിന്നും വാങ്ങുന്ന കുക്കീസുകൾ, ബിസ്‌ക്കറ്റുകൾ, റസ്‌ക്കുകൾ എന്നിവയും ഒഴിവാക്കേണ്ടതാണ്. ചിപ്‌സ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ, എന്നിവയും ഒഴിവാക്കേണ്ടതാണ്.
ഇനി ഇവയെല്ലാം ഒഴിവാക്കുകയാണെങ്കിൽ പകരം, എന്താണ് ചായക്കൊപ്പം ചേർക്കേണ്ടതെന്ന് നോക്കാം.. നിങ്ങളുടെ ലിസ്റ്റിലെ ബിസ്‌ക്കറ്റുകൾ, ചിപ്‌സ്, പാക്കേജ് ഫുഡുകൾ എന്നിവ ഒഴിവാക്കി പകരം, വറുത്ത മഖാന, വറുത്ത പലതരം സീഡുകൾ, വറുത്ത ചന എന്നിവ നല്ലൊരു ഓപ്ഷൻ ആണ്. എയർ ഫ്രൈ ചെയ്ത സ്‌നാക്കുകൾ, വറുത്ത ചെറുപയർ, പോപ്‌കോൺ, ഗോതമ്പ്, റവ എന്നിവ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുന്ന പലഹാരങ്ങൾ എന്നിവയും നല്ലൊരു ഇവനിംഗ് സ്‌നാക്‌സ് ആയി തിരഞ്ഞെടുക്കാം.
Discussion about this post