ഒരു യാത്ര പോയാലോയെന്ന് ചിന്തിക്കുമ്പോൾ തന്നെ, ബാഗ് പാക്ക് ചെയ്ത് റെഡിയായി നിൽക്കുന്നവരെ കണ്ടിട്ടില്ലേ? പുതിയ അനുഭവങ്ങൾ തേടി,ജീവിതരുചികൾ ആസ്വദിച്ചാണ് ഓരോ യാത്രയും. ദീർഘദൂര യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ തന്നെ ആദ്യം അന്വേഷിക്കുക,അവിടുത്ത ഏറ്റവും അടുത്ത റെയിൽവേസ്‌റ്റേഷമോ വിമാനത്താവളമോ ആയിരിക്കും. എന്നാൽ നമ്മൾ പോകാൻ ഉദ്ദേശിക്കുന്ന രാജ്യത്തിൽ വിമാനത്താവളമില്ലെങ്കിലോ? കേൾക്കുമ്പോൾ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. വിമാനത്താവളങ്ങൾ പോലും ഇല്ലാത്ത രാജ്യങ്ങൾ ഇന്നും ഈ ലോകത്തുണ്ട്. അതും ഒന്നും രണ്ടുമല്ലതാനും. അനേകം ടൂറിസ്റ്റുകൾ ദിനംപ്രതി സന്ദർശിക്കുന്ന ഈ രാജ്യങ്ങൾ സ്ഥലപരിമിതി കാരണമാണ് വിമാനത്താവളങ്ങൾ നിർമ്മിക്കാത്തത് അത്രേ. സ്വന്തമായി വിമാനത്താവളങ്ങൾ ഇല്ലാത്ത ലോകരാജ്യങ്ങൾ പരിചയപ്പെടാം.
വത്തിക്കാൻസിറ്റി
ഇറ്റലിക്കുള്ളിൽ സ്ഥിതി ചെയ്യുന്ന പരമാധികാര രാജ്യമായ വത്തിക്കാൻ ക്രിസ്തീയ വിശ്വാസികൾ ഏറ്റവുമധികം എത്തിച്ചേരുന്ന ഇടങ്ങളിലൊന്നാണ്. റോമൻ കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സിറ്റി വെറും 0.44 ചതുരശ്ര കിലോമീറ്റർ സ്ഥലത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ രാജ്യങ്ങളിലൊന്നായ വത്തിക്കാനിൽ എത്തുവാൻ തൊട്ടടുത്തുള്ള ഇറ്റലിയിലെ റോമിലെ ലിയനാർഡോ ഡാവിഞ്ചി ഫ്യൂമിസിനോ വിമാനത്താവളത്തിലാണ് ഇറങ്ങേണ്ടത്. ഇവിടെ നിന്നും വത്തിക്കാൻ സിറ്റിയിലേക്ക് 40 കിലോമീറ്റർ ദൂരമുണ്ട്. 2024ലെ കണക്കുകൾ പ്രകാരം 600ൽ താഴെ മാത്രമാണ് വത്തിക്കാൻ സിറ്റിയിലെ ജനസംഖ്യ. വിമാനത്താവളം നിർമിക്കാൻ ആവശ്യമായ സ്ഥലവുമില്ല. കാൽനടയായി വത്തിക്കാൻ സിറ്റി മുഴുവൻ കാണാനാകുമെന്നതാണ് മറ്റൊരു പ്രത്യേകത
മൊണാക്കോ
വത്തിക്കാൻ സിറ്റി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഫ്രാൻസിനോട് ചേർന്ന് കിടക്കുന്ന മൊണാക്കോ. സ്വന്തമായി വിമാനത്താവളമില്ലാത്ത രാജ്യമായ മൊണാക്കോയുടെ ഭൂരിഭാഗം ഭാഗങ്ങളും ഫ്രാൻസുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഫ്രാൻസിലെ നൈസ് കോട്ട് ഡി അസൂർ വിമാനത്താവളത്തിൽ നിന്നാണ് ഇവിടേക്ക് ആളുകൾ എത്തുന്നതും പോകുന്നതും. ഈ വിമാനത്താവളം 86 ലധികം രാജ്യങ്ങളുമായാണ് ലിങ്ക് ചെയ്തിരിക്കുന്നത്. റെയിൽ വഴിയും റോഡ് വഴിയുമാണ് മൊണാക്കോ മറ്റു രാജ്യങ്ങളുമായി ബന്ധപ്പെടുന്നത്.രണ്ട് ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിൽ 40000 ആളുകൾ മാത്രമാണ് വസിക്കുന്നത്.
സാൻ മാരിനോ
വത്തിക്കാനിൽ നിന്നും റോമിൽ നിന്നും ഏറെയകലെയല്ലാതെ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സാൻ മാരിനോ. ഇറ്റലിയാൽ പൂർണ്ണമായും ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം കൂടിയാണ്.പൂർണ്ണമായും ഇറ്റലിയുമായി ചുറ്റപ്പെട്ട സാൻ മറിനോയ്ക്ക് കടൽ തീരമില്ല. വളരെ ചെറിയ രാജ്യമായതിനാൽ വിമാനത്താവളമില്ല. കുന്നും മറ്റുമില്ലാത്തതിനാൽ പരന്ന പ്രദേശമാണിവിടം. സാൻ മറിനോയിൽ നിന്ന് പുറത്തേക്ക് കടക്കാൻ ധാരാളം റോഡുകളുണ്ട്. ഏത് ഭാഗത്ത് നിന്നും ഇറ്റലിയിലേക്ക് പ്രവേശിക്കാം. ഇറ്റലിയിലെ റിമിനിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങളിലൊന്ന്
ലിച്ചെൻസ്റ്റീൻ
സിറ്റ്സർലൻഡിനും ഓസ്ട്രേലിയയ്ക്കുമിടയിലുള്ള 160 കിലോമീറ്റർ വിസ്തൃതിയിലുള്ള കരയില്ലാ രാജ്യമാണ് ലിച്ചെൻസ്റ്റീൽ. മനോഹരമായ പർവ്വതങ്ങൾക്കും പ്രകൃതി ദൃശ്യങ്ങൾക്കും പേരുകേട്ട രാജ്യമാണിത്. ഇവിടെ വിമാനത്താവളം ഇല്ലെങ്കിലും റോഡ് മാർഗ്ഗമോ ട്രെയിനിലോ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്. ബസ് സംവിധാനങ്ങളാണ് പ്രധാനമായും പട്ടണങ്ങളെ ബന്ധിപ്പിക്കുന്നത്. ഏകദേശം 120 കിലോമീറ്റർ അകലെയുള്ള സൂറിച്ച് എയർപോർട്ടാണ് ഏറ്റവും അടുത്തുള്ളത്.
അൻഡോറ
ഫ്രാൻസിനും സ്‌പെയിനിനും ഇടയിലുള്ള ഈ രാജ്യം പൂർണമായും പൈറനീസ് പർവതനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ ഏകദേശം 3000 മീറ്റർ ഉയരമുള്ള കൊടുമുടികൾ വരെയുണ്ട്. അത്തരം ഉയർന്ന ഭാഗങ്ങളിലൂടെ വിമാനം പറത്തുന്നത് അപകടകരമാണ്. അതുകൊണ്ടാണ് രാജ്യത്ത് വിമാനത്താവളങ്ങൾ ഇല്ലാത്തത്.
Discussion about this post