തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രണ്ട് നിർണായക അറസ്റ്റുകൾ കൂടി. സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും ആണ് ഇന്ന് അറസ്റ്റിലായത്. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ച കമ്പനിയാണ് സ്മാർട്ട് ക്രിയേഷൻസ്. വേർതിരിച്ചെടുത്ത സ്വർണ്ണം വാങ്ങിയത് ബെല്ലാരി ഗോവർദ്ധൻ ആണ്.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുള്ള ആളാണ് പങ്കജ് ഭണ്ഡാരി. പോറ്റി ശബരിമലയില്‍ നിന്നും കടത്തിയ സ്വർണപ്പാളികൾ സ്മാർട്ട് ക്രിയേഷൻസിലേക്ക് ആയിരുന്നു എത്തിച്ചേരുന്നത്. വേർതിരിച്ച സ്വർണം കല്‍പ്പേഷ് എന്ന ഇടനിലക്കാരൻ വഴി ബെല്ലാരി ഗോവർദ്ധന് വിൽപ്പന നടത്തുകയായിരുന്നു. സംരക്ഷകര്‍ തന്നെ വിനാശകരായി മാറിയ അപൂര്‍വമായ കുറ്റകൃത്യമാണ് ശബരിമല സ്വര്‍ണക്കൊള്ളയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളികൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്.
കേസുമായി ബന്ധപ്പെട്ട് ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വർണം ഗോവർദ്ധന്‍റെ ജ്വല്ലറിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്ത്യയിലെ പല പ്രധാന ക്ഷേത്രങ്ങളിലും സ്വർണ്ണം പൂശൽ ജോലികൾ ചെയ്തിട്ടുള്ള ഒരു സ്ഥാപനമാണ് സ്മാർട്ട് ക്രിയേഷൻസ്. പങ്കജ് ഭണ്ഡാരി ആദ്യം തെറ്റായ മൊഴിയാണ് അന്വേഷണ സംഘത്തിന് നല്‍കിയത്. ആദ്യം അന്വേഷിച്ച ദേവസ്വം വിജിലൻസിനെയും ഭണ്ഡാരി കബളിപ്പിച്ചിരുന്നു. തന്റെ കമ്പനിയിലേക്ക് ചെമ്പു തകിടാണ് എത്തിച്ചിരുന്നത് എന്നായിരുന്നു ഇദ്ദേഹം ആദ്യം മൊഴി നൽകിയിരുന്നത്.












Discussion about this post