ന്യൂഡൽഹി : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. ലോക്സഭാ സമ്മേളനം നടക്കുന്ന സമയത്ത്, നിരവധി സുപ്രധാന വിഷയങ്ങൾ രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുമ്പോൾ രാഹുൽഗാന്ധി ജർമ്മനിയിൽ ബിഎംഡബ്ല്യു ബൈക്ക് ഓടിച്ചു നടക്കുകയാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. രാജ്യത്തിന് ഒരു മുഴുവൻ സമയ പ്രതിപക്ഷ നേതാവിനെയാണ് ആവശ്യമെന്നും ജോൺ ബ്രിട്ടാസ് വ്യക്തമാക്കി. പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബാക്കിയുള്ളവർ സഭയിൽ തൊണ്ട കീറി മുദ്രാവാക്യം വിളിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ബിഎംഡബ്ലിയു ബൈക്കും കാറുമൊക്കെ ഓടിച്ചു നോക്കിയും പരിശോധിച്ചും ജർമ്മനിയിലാണ്. ഈ ബിഎംഡബ്ലിയു ഒരാഴ്ച കഴിഞ്ഞാലും അവിടെ ഉണ്ടാവില്ലേ. രാഹുലിന് ബിഎംഡബ്ലിയു ഓടിക്കാനുള്ള ആഗ്രഹമാണെങ്കിൽ അത് ഇന്ത്യയിലും ഉണ്ടല്ലോ, പാർലമെന്റിന് ചുറ്റും റൗണ്ട് അടിച്ചാൽ പോരേ? ഈ സമയത്ത് ഒരു പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യം സഭയിൽ അനിവാര്യമായിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല എന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ഈ സമയത്ത് ലോക്സഭയിൽ ഉണ്ടാവേണ്ടതായിരുന്നു എന്ന് ആദ്യം പറഞ്ഞത് സിപിഎം അല്ല, കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഡിഎംകെയുടെ നേതാവാണ് അത് ആദ്യം പറഞ്ഞത്. ഇൻഡി മുന്നണിയുടെ യോഗത്തിൽ ഡിഎംകെയുടെ മുതിർന്ന നേതാവ് ടി ആർ ബാലു തന്നെ നേരിട്ട് ചോദിച്ചു എവിടെയാണ് പ്രതിപക്ഷ നേതാവ് എന്ന്. ഇത്തരം ബില്ലുകൾ പാർലമെന്റിൽ വരുമ്പോൾ മുൻപിൽ നിന്ന് പോരാട്ടം നടത്തേണ്ടത് പ്രതിപക്ഷ നേതാവ് അല്ലേ? പാർലമെന്റ് സമ്മേളനത്തിന്റെ കലണ്ടർ എല്ലാവർക്കും അറിയാവുന്നതാണ്. ഒരു ചെറിയ പാർട്ടിയുടെ നേതാവായ ഞാൻ പോലും പ്രധാനപ്പെട്ട ബില്ലുകൾ വരുന്ന സമയത്ത് മറ്റൊരു പരിപാടിയും ഏറ്റെടുക്കാറില്ല, എന്നും ജോൺ ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.













Discussion about this post