വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് ഇതിഹാസങ്ങളിൽ ഒരാളായ ആൽവിൻ കള്ളിച്ചരന്റെ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റിംഗ് ഇതിഹാസങ്ങൾ സർ ഗാരി സോബേഴ്‌സിനെയും സർ വിവ് റിച്ചാർഡ്സിനെയും ബ്രയാൻ ലാറയെയും മിക്കവരും ഓർക്കും എങ്കിൽ അവരിൽ പലരും ആൽവിനെ മറന്നു കാണും. എന്നാൽ ക്രിക്കറ്റിനെ പണ്ട് മുതലേ നന്നായി പിന്തുടരുന്നവർക്ക് ഇന്ത്യൻ വംശജനായ അദ്ദേഹം കരീബിയൻ ടീമിന് വേണ്ടി നടത്തിയ പോരാട്ടങ്ങളെ അങ്ങനെ ഇങ്ങനെയൊന്നും മറക്കാൻ പറ്റില്ല.
1949 മാർച്ച് 21-ന് ഗയാനയിലെ ഒരു ഇന്ത്യൻ വംശജ കുടുംബത്തിൽ ആയിരുന്നു ആൽവിന്റെ ജനനം. പതുക്കെ പതുക്കെ ക്രിക്കറ്റിനെ സ്നേഹിച്ചു തുടങ്ങിയ ആൽവിൻ തന്റെ പരിമിതികളിൽ നിന്നുകൊണ്ട് വലിയ പോരാട്ടവീര്യം പ്രകടിപ്പിച്ച താരമായിരുന്നു. വളരെ ശാന്തനായി കാണപ്പെടുമെങ്കിലും ക്രീസിൽ അദ്ദേഹം ബൗളർമാരുടെ പേടിസ്വപ്നമായി ആൽവിൻ പെട്ടെന്നുതന്നെ മാറി.
വെസ്റ്റ് ഇൻഡീസ് ടീമിലെത്തിയ ആൽവിൻ 1975-ലും 1979-ലും ടീം ലോകകപ്പ് കിരീടം നേടുമ്പോൾ ആ ടീമിലെ പ്രധാന ബാറ്റിംഗ് കരുത്തായി. 1975-ലെ ലോകകപ്പിൽ അന്ന് ലോകത്തെ ഏറ്റവും വേഗതയേറിയ ബൗളറായിരുന്ന ഡെന്നിസ് ലിലിക്കെതിരെ ഒരോവറിൽ അദ്ദേഹം തുടർച്ചയായി ബൗണ്ടറികൾ (4, 4, 4, 4, 4, 2) വാരിക്കൂട്ടി. ഹെൽമറ്റ് പോലുമില്ലാതെ അന്ന് ലിലിയുടെ വേഗതയെ അദ്ദേഹം നേരിട്ട രീതി ഇന്നും ക്രിക്കറ്റ് ചരിത്രത്തിലെ അത്ഭുതമാണ്.
താരത്തിന്റെ പൂർവ്വികർ തമിഴ്‌നാട്ടിൽ നിന്നുള്ളവരായിരുന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർക്കും അദ്ദേഹം എന്നും പ്രിയപ്പെട്ടവനായിരുന്നു. ടെസ്റ്റിൽ ആൽവിൻ പുലർത്തിയിരുന്ന ആവറേജ് 44 ന് മുകളിൽ ആയിരുന്നു. അന്ന് ഹെൽമറ്റ് പോലും വെക്കാതെ എതിർ ബോളർമാർക്ക് ഭീഷണിയാകുന്ന രീതിയിൽ ഉള്ള ബാറ്റിംഗ് കാഴ്ചവെച്ച താരത്തിന്റെ ആ ആവറേജ് ഇന്നത്തെ കണക്ക് വെച്ചുനോക്കിയാൽ 50 ന് മുകളിൽ വരും.
ഇങ്ങനെയൊക്കെ ആണെങ്കിലും താരത്തിന്റെ കരിയർ അല്പം വിവാദപരമായാണ് അവസാനിച്ചത്. വർണ്ണവിവേചനം നിലനിന്നിരുന്ന കാലത്ത് സൗത്ത് ആഫ്രിക്കയിലേക്ക് കളിക്കാൻ പോയ ‘റിബൽ ടൂർ’ (Rebel Tour) ടീമിൽ അദ്ദേഹം അംഗമായിരുന്നു. ഇതിനെത്തുടർന്ന് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ ടീമിൽ നിന്നും വിലക്കി.











Discussion about this post