ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് അവസാനമായി. ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്നിഹിതനായിരുന്നു. സഭ ആരംഭിച്ചതിന് പിന്നാലെ തന്നെ വന്ദേമാതരം ചൊല്ലിയതിനു ശേഷം ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ ഓം ബിർള അറിയിച്ചു. രാവിലെ 11 മണിക്ക് ശേഷം രാജ്യസഭയുടെ 269-ാമത് സമ്മേളനം അവസാനിച്ചതായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ അറിയിച്ചു. തന്നെ ഉപരാഷ്ട്രപതിയായും രാജ്യസഭാ ചെയർമാനായും തിരഞ്ഞെടുത്തതിന് അംഗങ്ങൾക്ക് നന്ദി അറിയിച്ച ശേഷമാണ് അദ്ദേഹം പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിപ്പിച്ചത്.
എംജിഎൻആർഇജിഎ പദ്ധതിക്ക് പകരമായി, വിക്സിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി-ജി റാം ജി) ബിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് ശേഷമാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നത്. ശീതകാല സമ്മേളനത്തിൽ മൂന്ന് സുപ്രധാന ബില്ലുകളാണ് കേന്ദ്രസർക്കാർ പാസാക്കിയത്. എക്സൈസ് ബിൽ, ആണവോർജ്ജ ബിൽ, വിബി-ജി റാം ജി ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ സുപ്രധാന ബില്ലുകൾ.
വന്ദേമാതരവും എസ്ഐആറും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചകളും ശീതകാല സമ്മേളനത്തിൽ നടന്നു. പതിവുപോലെ പ്രതിപക്ഷം ചർച്ചകളിലും ബില്ലുകളുടെ അവതരണത്തിലും ബഹളം സൃഷ്ടിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു. വ്യാഴാഴ്ച ലോക്‌സഭയിൽ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇരച്ചുകയറി ബില്ലിന്റെ പകർപ്പുകൾ കീറിയെറിയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പാർലമെന്റിലും പാർലമെന്റിനും പുറത്തുമായി പ്രതിപക്ഷം പ്രതിഷേധങ്ങളും നടത്തിയെങ്കിലും കേന്ദ്രസർക്കാർ നിശ്ചയിച്ച നടപടികൾ എല്ലാം പൂർത്തീകരിച്ചതിനു ശേഷമാണ് ശീതകാല സമ്മേളനം അവസാനിക്കുന്നത്.












Discussion about this post