കിട്ടിയ ചെറിയ അവസരത്തിലൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ച ഒരു താരം, പെട്ടെന്ന് ഒരു നാൾ ടീമിലെത്തി അതെ പോലെ തന്നെ ടീമിൽ നിന്ന് പോയ ഒരു താരം. ചില പ്രമുഖരുടെ നിഴലിലൊതുങ്ങി പോയത് കൊണ്ട് മാത്രം ടീമിൽ അധികമൊന്നും അവസരം കിട്ടാതെ പെട്ടെന്നുതന്നെ ആളുകൾ മറന്ന് തുടങ്ങിയ ആ താരത്തിന്റെ പേരാണ്- നോയൽ ഡേവിഡ്.
1997-ൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്. പരിക്കേറ്റ ജാവഗൽ ശ്രീനാഥിന് പകരക്കാരനായാണ് അദ്ദേഹം അന്ന് ടീമിലെത്തിയത്. ജോണ്ടി റോഡ്സിനോളം മികവുള്ള ഫീൽഡർ എന്നാണ് അന്ന് ഇന്ത്യൻ നായകനായിരുന്ന സച്ചിൻ ടെണ്ടുൽക്കർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. പോയിന്റ് പൊസിഷനിൽ അദ്ദേഹം കാണിച്ചിരുന്ന വേഗതയും കൃത്യതയും ലോകശ്രദ്ധ നേടിയിരുന്നു.
ഇന്ത്യയ്ക്ക് വേണ്ടി 4 ഏകദിന മത്സരങ്ങൾ കളിച്ച അദ്ദേഹം 4 വിക്കറ്റുകൾ നേടിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരെ 21 റൺസിന് 3 വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. എന്നാൽ അനിൽ കുംബ്ലെ പോലെ ഒരു തകർപ്പൻ സ്പിന്നർ ഉള്ള ഇന്ത്യൻ ടീമിന് നോയലിനെ ആവശ്യം ഇല്ലായിരുന്നു. അതിനാൽ തന്നെ താരം ടീമിൽ നിന്ന് പെട്ടെന്നുതന്നെ പുറത്താക്കുകയും ചെയ്തു. കുംബ്ലെയെ പോലെ ആവനാഴിയിൽ ഒരുപാട് അസ്ത്രങ്ങൾ ഒന്നും ഇല്ലെങ്കിലും കൃത്യമായ ലൈനിലും ലെങ്ങ്തിലും പന്തെറിയാൻ താരം മിടുക്കനായിരുന്നു.
എന്തായാലും വിരമിച്ച ശേഷം അദ്ദേഹം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ വിവിധ ചുമതലകളിൽ സജീവമായിരുന്നു നോയൽ. ഹൈദരാബാദ് ടീമിന്റെ ചീഫ് സെലക്ടറായും ജൂനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദ് ടീമിന്റെ കോച്ച് ആകണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. നിലവിൽ വൃക്ക രോഗത്തിനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലും ആരോഗ്യപരമായ വീണ്ടെടുപ്പിലുമാണ് അദ്ദേഹം.











Discussion about this post