വാഷിംഗ്ടൺ: അമേരിക്കയിലെ ഒറിഗൺ തീരത്തിനടുത്ത് അടുത്തവർഷം കടലിനടിയിൽ അഗ്നിപർവ്വത സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷകരുടെ പ്രവചനം. ഒറിഗൺ തീരത്തിനടുത്തെ ആക്‌സിയൽ സീമൗണ്ട് അഗ്നിപർവ്വതമാണ് പൊട്ടിത്തെറിക്കുക. ലോകത്ത് ഏറ്റവുമധികം സൂക്ഷമതയോടെ നിരീക്ഷിക്കപ്പെടുന്ന സമുദ്രാന്തര അഗ്‌നിപർവതങ്ങളിലൊന്നാണ് ആക്‌സിയൽ സീമൗണ്ട്.1,100 മീറ്റർ ഉയരവും 2 കിലോമീറ്റർ വ്യാസവുമുള്ള ആക്‌സിയൽ സീമൗണ്ട് മുദ്രനിരപ്പിൽ നിന്ന് 1,400 മീറ്റർ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്.
1918, 2011, 2015 വർഷങ്ങളിൽ പൊട്ടിത്തെറിച്ച സജീവ അഗ്‌നിപർവതമാണിത്. ആക്‌സിയൽ സീമൗണ്ടിലെ വരാനിരിക്കുന്ന അഗ്‌നിപർവ്വത സ്‌ഫോടനത്തിൻറെ സൂചനകൾ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്.2015 ൽ അവസാനമായി സജീവമായ ആക്‌സിൽ സീമൗണ്ട് അന്നത്തെ പൊട്ടിത്തെറിക്ക് മുൻപുള്ള അവസ്ഥയുടെ സമാനമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്.അഗ്‌നിപർവ്വതത്തിൻറെ ഉപരിതലം വീർത്തുവരുന്നതായാണ് സൂചന. ഉള്ളിലെ മാഗ്മയുടെ ചലനം മൂലമാണിത്. ഇത് വരാനിരിക്കുന്ന പൊട്ടിത്തെറിയുടെ ശക്തമായ സൂചനയാണെന്ന് ഒറിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ജിയോളജിസ്റ്റായ വില്യം ചാഡ്വിക്ക് പറയുന്നത്. അഗ്നിപർവ്വതം പൊട്ടിത്തെറിക്കുന്നതിന്റെ അനന്തരഫലമായി ചുറ്റളവിലുള്ള കടൽവെള്ളത്തിന്റെ താപനിലവർദ്ധിക്കുമെന്നും മത്സ്യങ്ങളെ ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
അത്യാധുനികമായ സീഫ്‌ളോർ കേബിൾ സംവിധാനം വഴി ഓരോ ഭൂചലനവും മാറ്റങ്ങളും തത്സമയം ട്രാക്ക് ചെയ്യുന്നുണ്ട്. ഇത് കൂടുതൽ കൃത്യമായ പ്രവചനങ്ങൾ നൽകാൻ സഹായിക്കുന്നു. ഏതാനും വർഷങ്ങൾ കൂടുമ്പോൾ ഉണ്ടാകുന്ന സ്‌ഫോടനങ്ങൾ ഒട്ടേറെ അവസരങ്ങളാണ് പഠനങ്ങൾക്ക് നൽകുന്നത്. അതേസമയം തന്നെ ആക്‌സിയൽ സീമൗണ്ട് മനുഷ്യന്റെ ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാത്തതിനാൽ ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താണ് ഗവേഷകർ ശ്രമിക്കുന്നത്.
Discussion about this post