കാഠ്മണ്ഡു: നേപ്പാൾ അതിർത്തിക്ക് സമീപം ടിബറ്റിൽ ഉണ്ടായ ഭൂചലനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. 60 ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇനിയും നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. 7.1 തീവ്രതയിലാണ് ഭൂചലനം ഉണ്ടായത്. നേപ്പാളിലെ നോബുഷെയിൽ നിന്ന് 93 കിലോമീറ്റർ വടക്ക് കിഴക്കാണ് ഇന്ന് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം ബിഹാർ, അസം, പശ്ചിമബംഗാൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ടു.
നാഷണൽ സെന്റർ ഫോർ സീസ്മോളജി വിവരം അനുസരിച്ച് രാവിലെ 6.35നാണ് ഭൂചലനമുണ്ടായത്. ഒന്നിനു പിറകേ ഒന്നായി മൂന്ന് ഭൂചലനങ്ങളാണ് പ്രദേശത്തുണ്ടായത്. പത്ത് കിലോമീറ്റർ ആഴത്തിൽ 7.02ന് ഉണ്ടായ രണ്ടാമത്തെ ഭൂചലനത്തിന്റെ തീവ്രത 4.7ആണ്. 4.9 തീവ്രതയായിരുന്നു 7.07ന് 30കിലോമീറ്റർ ആഴത്തിൽ ഉണ്ടായ മൂന്നാമത്തെ ഭൂചലനത്തിന്.
പത്തു വർഷങ്ങൾക്ക് മുമ്പ് 2015ൽ ഇത്തരത്തിൽ നേപ്പാളിൽ ഉണ്ടായ 7.8 തീവ്രതയുണ്ടായിരുന്ന 9000 പേർ കൊല്ലപ്പെടുകയും 22000 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് വീടുകളാണ് അന്ന് തകർന്നടിഞ്ഞത്.
Discussion about this post