ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിനായി സ്ഥലം അനുവദിച്ച് കേന്ദ്രസർക്കാർ. രാജ്ഘട്ടിന് സമീപമുള്ള രാഷ്ട്രീയ സ്മൃതി കോംപ്ലക്‌സിലാണ് അദ്ദേഹത്തിന്റെ സ്മാരകം നിർമ്മിക്കാൻ സ്ഥലം അനുവദിച്ചത്. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്രസർക്കാരിനും പ്രണബ് മുഖർജിയുടെ മകൾ നന്ദി പറഞ്ഞു.
ബാബയ്ക്ക് വേണ്ടി സ്മാരകം നിർമ്മിക്കാൻ തീരുമാനിച്ച കേന്ദ്ര സർക്കാരിന് ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു. ഞങ്ങൾ ആവശ്യപ്പെടാതെയാണ് ഇങ്ങനെ ഒരു തീരുമാനം സർക്കാർ എടുത്തത് എന്നത് ഏറെ സന്തോഷകരമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഉണ്ടായ അപ്രതീക്ഷിത തീരുമാനം ഹൃദയം തൊട്ടുവെന്നും ശർമിഷ്ഠ മുഖർജി കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ ബഹുമതികൾ ചോദിച്ച് വാങ്ങാനുള്ളതല്ലെന്ന് ബാബ എപ്പോഴും പറയുമായിരുന്നു. ബഹുമതി അറിഞ്ഞ് ലഭിക്കേണ്ടത് ആണ്. ചോദിക്കാതെ തന്നെ അംഗീകാരം നൽകിയ പ്രധാനമന്ത്രിയ്ക്ക് നന്ദി. കയ്യടികൾക്കും വിമർശനങ്ങൾക്കും അപ്പുറമാണ് ഇപ്പോൾ ബാബ. പക്ഷെ അദ്ദേഹത്തിന്റെ മകളെ സംബന്ധിച്ചിടത്തോളം ഇത് സന്തോഷത്തിന്റെ നിമിഷം ആണെന്നും ശർമിഷ്ഠ വ്യക്തമാക്കി.
Discussion about this post