കൊച്ചി: ചോറ്റാനിക്കരയിലെ ആളൊഴിഞ്ഞ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തിയ സംഭവത്തില്‍ വീണ്ടും ദുരൂഹത ഫോറന്‍സിക് പരിശോധന ഫലം കാക്കുകയാണ് അന്വേഷണസംഘം. തലയോട്ടിയും അസ്ഥികളും പഠനാവശ്യത്തിന് ഉപയോഗിച്ചതാണെന്നാണ് വീട്ടുടമയായ ഡോക്ടറുടെ മൊഴി.
25 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയിലാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. വീട്ടുടമയും കൊച്ചിയിലെ പ്രമുഖ സൈക്യാട്രിസ്റ്റുമായ ഡോക്ടര്‍ ഫിലിപ്പ് ജോണ്‍ പൊലീസിന് നല്‍കിയ മൊഴി അസ്ഥികൂടം വൈദ്യപഠനത്തിനായി ഉപയോഗിച്ചെന്നാണ്.
എന്നാല്‍ ഈ അസ്ഥിക്കൂടം ഫ്രിഡ്ജില്‍ ഉപേക്ഷിച്ചത് എന്തിന്, അത് എവിടെ നിന്ന് ലഭിച്ചു, പുരുഷന്റെതാണോ സ്ത്രീയുടെതാണോ, ഇതിന് എത്ര വര്‍ഷത്തെ പഴക്കമുണ്ട് ഈ ചോദ്യങ്ങള്‍ക്ക് എല്ലാം ഉത്തരം ഇനിയും കണ്ടെത്തേണ്ടതുണ്ട്. അടഞ്ഞുകിടക്കുന്ന വീട്ടില്‍ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നട്ടെല്ല് ഉള്‍പ്പെടെയുള്ള അസ്ഥികള്‍ കോര്‍ത്ത് ഇട്ട രീതിയിലായിരുന്നു കണ്ടെത്തിയത്. നിലവില്‍ ഫോറന്‍സിക് പരിശോധന ഫലം ലഭിച്ച ശേഷം തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് ചോറ്റാനിക്കര പൊലീസിന്റെ തീരുമാനം.
Discussion about this post