ക്വാറിക്കുള്ളിലെ ജലനിരപ്പ് 100 അടിയിലേക്ക് ഉയർന്നതിനെ തുടർന്ന് ഖനിയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ കാര്യത്തിൽ ആശങ്കയുയരുന്നു. അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിലാണ് ഒമ്പത് തൊഴിലാളികൾ കുടുങ്ങി കിടക്കുന്നത്. നിലവിൽ രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ആർമി, അസം റൈഫിൾസ്, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേന (എൻഡിആർഎഫ്, എസ്ഡിആർഎഫ്), പ്രാദേശിക അധികാരികൾ എന്നിവരെ രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്ന് നാവികസേനയുടെ മുങ്ങൽ വിദഗ്ധർ എത്തിയിട്ടുണ്ട്. എന്നാൽ, ഖനിയിൽ നിന്ന് ഇതുവരെ ഒരു തൊഴിലാളിയെയും പുറത്തേക്കെടുക്കാനായിട്ടില്ല.
അതേസമയം, രക്ഷാപ്രവർത്തനത്തിന് സഹായം അഭ്യർത്ഥിച്ച് കേന്ദ്ര കൽക്കരി മന്ത്രി ജി കിഷൻ റെഡ്ഡിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. “ഈ ദൗത്യത്തിൽ അസം സർക്കാരിന് പൂർണ്ണ പിന്തുണ നൽകുന്നതിന് അദ്ദേഹം ഉടൻ തന്നെ കോൾ ഇന്ത്യ ലിമിറ്റഡിന് നിർദ്ദേശങ്ങൾ നൽകി. വേഗത്തിലുള്ള പ്രതികരണത്തിനും പിന്തുണയ്ക്കും അദ്ദേഹത്തിന് എൻ്റെ ആത്മാർത്ഥമായ നന്ദി, ”അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ എഴുതി.
രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്ന സൈന്യത്തിന് നന്ദിയുണ്ടെന്നും ശർമ പറഞ്ഞു. “ഈ പെട്ടെന്നുള്ള പ്രതികരണത്തിന് വളരെ നന്ദി. ഞങ്ങളുടെ ഖനിത്തൊഴിലാളികളുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഞങ്ങൾ നോക്കുകയാണ് , ”അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post