തിരുവനന്തപുരം: സൈബർ അധിക്ഷേപത്തിൽ യൂട്യൂബ് ചാനലിനെതിരെ പോലീസിൽ പരാതി നൽകി നടി മാലാ പാർവ്വതി. ഫാമിലി ന്യൂസ് ആൻഡ് ഗോസിപ്‌സ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടി പോലീസിൽ പരാതി നൽകിയത്. സിനിമയിൽ നിന്നുള്ള രംഗങ്ങൾ എടുത്ത് എഡിറ്റ് ചെയ്ത് ചാനൽ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് നടി പരാതിയിൽ പറയുന്നത്. ഇതിന്റെ ലിങ്കുകളും വീഡിയോകളും പരാതിയ്‌ക്കൊപ്പം നടി പോലീസിന് നൽകിയിട്ടുണ്ട്. ഇതിന് താഴെ നടിയെ അപമാനിക്കുന്ന തരത്തിൽ കമൻഡ് രേഖപ്പെടുത്തിയവർക്കെതിരെയും നടി പരാതി കെെമാറി. തിരുവനന്തപുരം സൈബർ പോലീസിനാണ് പരാതി കൈമാറിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം സൈബർ ബുള്ളിയിംഗിൽ നടി ഹണി റോസും പോലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പോലീസ് കേസ് എടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് മറ്റൊരു നടിയിൽ നിന്നും സമാന പരാതി ലഭിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ ആയിരുന്നു ഹണി റോസിന്റെ പരാതി. ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സോഷ്യൽ മീഡിയ വഴി അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരം പരാതി നൽകിയിരിക്കുന്നത്.
Discussion about this post