ഇടുക്കി : മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ കുടുംബത്തിലെ 10 വയസ്സുകാരൻ റിസോർട്ടിന്റെ ആറാം നിലയിൽ നിന്നും വീണ് മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഗര്‍ ദലാലിന്റെ മകന്‍ പ്രാരംഭ ദലാല്‍ ആണ് മരിച്ചത്. റിസോർട്ടിലെ മുറിയുടെ ജനൽ തുറക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
മൂന്നാര്‍ പള്ളിവാസല്‍ ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന ടീ കാസിൽ റിസോര്‍ട്ടിന്റെ ആറാം നിലയിലെ മുറിയില്‍നിന്നുമാണ് കുട്ടി താഴേക്ക് വീണത്. മുറിയുടെ സ്ലൈഡിങ് വിൻഡോ തുറക്കാൻ കസേരയിൽ കയറി നിന്ന് ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ജനൽ തുറക്കുന്നതിനോടൊപ്പം കുട്ടിയുടെ കസേര മറിഞ്ഞ് താഴേക്ക് പതിക്കുകയായിരുന്നു.
ആറാം നിലയിൽ നിന്നും താഴെ വീണ കുട്ടിയെ ഉടൻതന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു. തലയോട്ടിയിൽ ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ വെള്ളത്തൂവൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post