പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. പിക്കപ്പ് വാനിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് വസ്തുക്കൾ കണ്ടെത്തിയത്. 14000 ജെലാറ്റിൻ സ്റ്റിക്കും 6000 ഡിറ്റണേറ്ററും ആണ് വാഹനത്തിൽ നിന്നും പിടികൂടിയത്.
എക്സൈസ് റെയ്ഡിനിടയിലാണ് വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പേരെ പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. എറണാകുളം സ്വദേശി ജെയിംസ് മാത്തച്ചൻ, തൃശൂർ സ്വദേശി വിവേക് വിൽസൺ എന്നിവരാണ് പിടിയിൽ ആയിട്ടുള്ളത്.
പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ എസ് സജിത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിന് ഇടയിലാണ് അപ്രതീക്ഷിതമായി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ചിറ്റൂരിലെ ഒരു വീടിന് സമീപത്ത് നിർത്തിയിട്ട നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ അടങ്ങിയ പിക്കപ്പ് വാൻ കണ്ടെത്തിയത്. പ്രതികളെയും തൊണ്ടി മുതലും കൊഴിഞ്ഞാമ്പാറ പൊലീസിന് കൈമാറിയതായി എക്സൈസ് അറിയിച്ചു.
Discussion about this post