കോഴിക്കോട്: ജില്ലയിൽ പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ മൂവായിരത്തിലധികം പേരാണ് പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്. ദിനം പ്രതി സർക്കാർ ആശുപത്രികളിൽ ഉൾപ്പെടെ നിരവധി പേരാണ് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സയ്‌ക്കെത്തുന്നത്. രോഗബാധിതർ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാസം ഇതുവരെ 3220 പേരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത് എന്നാണ് റിപ്പോർട്ടുകൾ. ശക്തമായ പനിയ്‌ക്കൊപ്പം ശരീര വേദന, ജലദോഷം, കഫക്കെട്ട് എന്നീ ലക്ഷണങ്ങളോടെയാണ് ആളുകൾ ചികിത്സയ്ക്കായി എത്തുന്നത്. ഇവരിൽ ഭൂരിഭാഗം പേർക്കും വൈറൽ പനിയാണ്. പനി ഭേദമായാലും ചുമ, കഫക്കെട്ട് എന്നീ ആരോഗ്യപ്രശ്‌നങ്ങൾ ദീർഘകാലം ആളുകളിൽ തുടരുന്നുണ്ട്. പനി ഭേദമാകാതെ നിരവധി തവണ ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നവരും ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ചികിത്സ തേടി എത്തുന്നവരിൽ കുട്ടികളും ധാരാളമാണ്.
കാലാവസ്ഥാ വ്യതിയാനമാണ് നിലവിൽ പനി വ്യാപകമാകാൻ കാരണം എന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഇതിനിടെ എച്ച്എംപിവി വൈറസ് പനിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പനിയും മറ്റ് ലക്ഷണങ്ങളും അനുഭവപ്പെട്ടാൽ നിർബന്ധമായും ചികിത്സ തേടണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. നിലവിലെ സാഹചര്യത്തിൽ സ്വയം ചികിത്സ ഒഴിവാക്കണമെന്നും ആവശ്യപ്പെടുന്നു.
അതേസമയം ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 12 പേർക്കാണ് അടുത്തിടെ പനി ബാധിച്ചത്. മഞ്ഞപ്പിത്തം ബാധിച്ച് 12 പേരും വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
Discussion about this post