തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലായിരിക്കെ വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു.
രാവിലെ 8.45ന്റെ ഗരീബ് രഥ് എക്‌സ്പ്രസില്‍ കോഴിക്കോട്ട് എത്തിക്കുന്ന ജയരാജനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കും. അവിടെ പരിശോധന നടത്തിയ ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
ജയരാജന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും നിലവില്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കുന്ന ശ്രീചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കൈമാറിയിരുന്നു,
റിപ്പോര്‍ട്ട് ഇന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. ജയരാജനെ കസ്റ്റഡിയില്‍ വിട്ട്കിട്ടാന്‍ സി.ബി.ഐ. സമര്‍പ്പിച്ച ഹര്‍ജി നാലിന് ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.
ശ്രീചിത്രയില്‍ പ്രവേശിപ്പിക്കാന്‍ കോഴിക്കോട് നിന്ന് ജയരാജനെ കൊണ്ടുവന്നപ്പോള്‍ തൃശൂരില്‍ ആംബുലന്‍സ് അപകടത്തില്‍പെട്ടത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജയരാജനെ ട്രെയിനില്‍ കോഴിക്കോട് എത്തിക്കാന്‍ തീരുമാനിച്ചത്. സുരക്ഷയ്ക്കായി കണ്ണൂര്‍ എ.ആര്‍ ക്യാംപിലെ എട്ടു പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. അതേ സമയം ചോദ്യം ചെയ്യാന്‍ ജയരാജനെ വിട്ടുകിട്ടണമെന്ന സി.ബി.ഐയുടെ അപേക്ഷ തലശേരി ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും.
Discussion about this post