ന്യൂഡല്‍ഹി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച ഡീപ്‌ഫേക്ക് വിഡിയോകളും ഓഡിയോകളും കണ്ടെത്തുന്ന ‘ഡീപ്‌ഫേക്ക് ഡിറ്റക്ടര്‍’ സൈബര്‍ സെക്യൂരിറ്റി കമ്പനിയായ മക്കഫി പുറത്തിറക്കിയിരിക്കുകയാണ്. എഐ ജനറേറ്റഡ് വിഡിയോ, ഡീപ്‌ഫേക്കുകള്‍, ശബ്ദ സന്ദേശങ്ങള്‍ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമിട്ടാണ് ഇവര്‍ ഈ പുതിയ സോഫ്റ്റ്വെയര്‍ അവതരിപ്പിച്ചത്.
മുന്‍നിര ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളുമായി സഹകരിച്ച് എഐ അധിഷ്ഠിത ഡീപ്‌ഫേക്ക് ഡിറ്റക്ഷന്‍ ടൂള്‍ ഇന്ത്യയിലും അടുത്തുതന്നെ അവതരിപ്പിക്കും.ഡീപ്‌ഫേക്ക് ഡിറ്റക്ടര്‍ കോപൈലറ്റ്+ കംപ്യൂട്ടറുകളിലാവും ആദ്യം ലഭ്യമാകുക. എഐ ഏവര്‍ക്കും ലഭ്യമായതോടെ കനത്ത ആശങ്കയായിരുന്നു ഡീപ് ഫേക്ക് വീഡിയോകളും ഓഡിയോകളും. ഇപ്പോള്‍ അതിനാണ് വിരാമമായിരിക്കുന്നത്.
സോഫ്‌റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത കംപ്യൂട്ടറുകളില്‍ പ്ലേ ചെയ്യുന്ന വിഡിയോകളിലും ഓഡിയോകളിലും എഐ മാറ്റം വരുത്തിയ ഉള്ളടക്കം ഉണ്ടെങ്കില്‍ ഉടന്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. വിഡിയോ കോളുകളിലും ഫോണ്‍വിളികളിലും അടക്കം ഈ പരിശോധന നടക്കും.
ഏതെങ്കിലും വെബ്‌സൈറ്റിലോ ആപ്പുകളിലോ വിഡിയോ/ഓഡിയോ ഉള്ളടക്കങ്ങള്‍ പ്രത്യേകമായി അപ്ലോഡ് ചെയ്ത് പരിശോധന നടത്തേണ്ടതില്ല. ഇന്റര്‍നെറ്റ് സഹായമില്ലാതെ ഓഫ്‌ലൈനായാണ് ഡീപ്‌ഫേക്ക് ഡിറ്റക്ടര്‍ ടൂള്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ മറ്റൊരു തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങളുണ്ടാവില്ലെന്നും കമ്പനി അവകാശപ്പെടുന്നു.
Discussion about this post