ലക്‌നൗ: 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ഭക്തിയിലമരും. ഇന്നത്തെ പൗഷ് പൗർണിമ സ്‌നാനത്തോടെയാണ് മഹാ കുംഭമേളയ്ക്ക് തിരി തെളിയുക.മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് സമാപിക്കും. ഈ സാംസ്‌കാരിക ആത്മീയ സംഗമത്തിന് സാക്ഷികൾ ആവാൻ 40 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡൽഹിയിലെത്തി ക്ഷണിച്ചിരുന്നു. അദ്ദേഹം ചടങ്ങിനെത്തും.
ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂർണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങൾ നടക്കുക. കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ കുളിച്ചാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.
വലിയ സജീകരണങ്ങളാണ് പ്രയാഗ് രാജിൽ ഒരുക്കിയിട്ടുള്ളത്. അവിടെ ഇതിനായി മഹാകുംഭമേള എന്ന പേരിൽ നാലുമാസത്തേക്ക് പുതിയ ജില്ല ഉൾപ്പെടെ രൂപീകരിച്ചാണ് ഉത്തർപ്രദേശ് സർക്കാരിന്റെ അതിഗംഭീരമായ ഒരുക്കങ്ങൾ. പ്രയാഗ് രാജിൽ12 കിലോമീറ്റർ നീളത്തിൽ സ്‌നാന ഘാട്ടുകൾ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേയും അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 14000 മുതൽ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകൾ. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വൻ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്
Discussion about this post