ബംഗളൂരു: മദ്യലഹരിയിൽ പശുക്കളുടെ അകിട് അറുത്ത് മാറ്റിയ യുവാവ് അറസ്റ്റിൽ. ചമ്പാരൻ സ്വദേശിയായ സയിദ്ദ് നസ്‌റു ആണ് അറസ്റ്റിലായത്. കർണാടകയിലെ ചാമരാജ്‌പേട്ടിൽ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.
ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. ചാമരാജ്‌പേട്ട് സ്വദേശി കർണയുടെ പശുക്കൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. മദ്യപിച്ച് ലെക്കുകെട്ട ഇയാൾ തൊഴുത്തിൽ എത്തി പശുക്കളുടെ അകിട് അറുത്ത് മാറ്റുകയായിരുന്നു. മൂന്ന് പശുക്കളെയാണ് ഇയാൾ ആക്രമിച്ചത്.
തൊഴുത്തിൽ നിന്നും പശുക്കളുടെ കരച്ചിൽ കേട്ട് കർണ പുറത്തിറങ്ങി നോക്കുകയായിരുന്നു. അപ്പോഴാണ് തൊഴുത്തിൽ രക്തംവാർന്ന നിലയിൽ പശുക്കളെ കണ്ടത്. ഇതോടെ നാട്ടുകാരെ ബഹളംവച്ച് നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു. നാട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്ത് എത്തി. പ്രതിയ്ക്ക് കർശന ശിക്ഷ നൽകണം എന്ന് ബിജെപി നേതാവ് രവികുമാർ പറഞ്ഞു. പശുക്കളുടെ ഉടമയ്ക്ക് സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്തം വാർന്ന് അവശ നിലയിലായ പശുക്കൾ ചികിത്സയിൽ കഴിയുകയാണ്. സംഭവം നാട്ടുകാരിലും വലിയ അമർഷത്തിന് കാരണം ആയി.
Discussion about this post