ഭോപ്പാൽ : മതപരമായ നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതായി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. സന്യാസിവര്യൻമാരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് മദ്യനിരോധന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു. മതാചാരപ്രകാരം കൂടുതൽ പ്രാധാന്യമുള്ള നഗരങ്ങളിലും പുണ്യ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളിലും ആണ് മദ്യനിരോധനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
മതപരമായി പ്രാധാന്യമുള്ള നഗരങ്ങളിലെ മദ്യവിൽപ്പന നിരോധിക്കുന്നതിനെക്കുറിച്ച് 2024 സെപ്റ്റംബറിൽ മുഖ്യമന്ത്രി മോഹൻ യാദവ് സൂചന നൽകിയിരുന്നു. തുടർന്ന് സന്യാസി ശ്രേഷ്ഠരിൽ നിന്നും ആചാര്യ സമൂഹത്തിൽ നിന്നും അദ്ദേഹം നിർദ്ദേശങ്ങളും അഭിപ്രായങ്ങളും തേടിയിരുന്നു. സന്യാസിമാരും മറ്റും നൽകിയ ഈ നിർദ്ദേശങ്ങൾ അനുസരിച്ച് ആയിരിക്കും മധ്യപ്രദേശിലെ മതപരമായ പ്രാധാന്യമുള്ള നഗരങ്ങളിൽ മദ്യനിരോധനം വേണമോ എന്നുള്ള കാര്യം തീരുമാനിക്കുക എന്നും മോഹൻ യാദവ് അറിയിച്ചു.
മധ്യപ്രദേശിൽ 614 കോടി രൂപയുടെ സേവർഖേഡി-സിലാർഖേഡി പദ്ധതിയുടെ ഭൂമി പൂജ തിങ്കളാഴ്ച കേന്ദ്രമന്ത്രി സി ആർ പാട്ടീലിൻ്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് നിർവഹിക്കും. 2028ലെ സിംഹസ്ത വേളയിൽ വിശുദ്ധ ക്ഷിപ്രാ നദിയിലെ പുണ്യജലം കൊണ്ട് സ്നാനം ചെയ്യാൻ കഴിയുന്ന രീതിയിൽ ശുദ്ധീകരിക്കുക എന്നുള്ളതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
Discussion about this post