റാഞ്ചി:ഝാർഖണ്ഡിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ അമ്മ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി. ഹസീബ്ഗഞ്ചിലെ രാധാനഗർ ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസിയായ രാജു മണ്ഡലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മയെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ആയിരുന്നു സംഭവം. രാജു മണ്ഡലിന്റെ അയൽപക്കത്താണ് യുവതിയുടെയും പെൺകുട്ടിയുടെയും താമസം. അടിയ്ക്കടി ഇവിടേയ്ക്ക് എത്തുന്ന പ്രതി മകളെ ഉപദ്രവിക്കുകയും ഇവിടെ നിന്നും പണി ഉപകരണങ്ങൾ മോഷ്ടിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് യുവതി ഒട്ടേറെത്തവണ ഗ്രാമവാസികളെ അറിയിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. ഇതോടെ രാജുവിനെ ഒരു പാഠം പഠിപ്പിക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു.
ഇതേ തുടർന്ന് അമ്മയും മകളും ചേർന്ന് ഇലക്ട്രിക് വയർ വാങ്ങുകയും അതിന്റെ ഇൻസുലേഷൻ നീക്കം ചെയ്ത് വാതിലിനും മുന്നിൽ സ്ഥാപിക്കുകയും ചെയ്തു. ഇതറിയാതെ പെൺകുട്ടിയെ ഉപദ്രവിക്കാൻ എത്തിയ രാജു വയറിൽ ചവിട്ടുകയായിരുന്നു. ഷോക്കേറ്റ ഇയാൾ അവിടെ തന്നെ മരിച്ചുവീണുവെന്നാണ് റിപ്പോർട്ടുകൾ. രാജുവിന്റെ ബഹളം കേട്ട് എത്തിയ അയൽക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്.
Discussion about this post