‘സ്വരാജിന് ഞാനും എന്റെ തേങ്ങ വെട്ടുകാരനും എന്ന മനോഭാവം’
ഡിവൈഎഫ്ഐ സമ്മേളനത്തില്‍ എം സ്വരാജിനെതിരെ ഉയര്‍ന്നത് രൂക്ഷ വിമര്‍ശനം
മലപ്പുറം : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍് സംഘടനയുടെ സ്ഥാപക നേതാവും, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ എം. വിജയകുമാറിനെ പരിഹസിച്ച് എം സ്വരാജ് രംഗത്ത്. റോഡരികില്‍ പാര്‍ട്ടി കൊടി കെട്ടുന്ന പ്രവര്‍ത്തകരെ കണ്ടാല്‍ പോലും സ്വരാജ് ചിരിക്കാറില്ലെന്ന തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയുടെ വിമര്‍ശനത്തിനാണ് എം. സ്വരാജിന്റെ മറുപടി. പ്രതിനിധി സമ്മേളനത്തില്‍ മറുപടി പ്രസംഗം തയ്യാറാക്കാന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ എം. വിജയകുമാറിനെ പേര് പറഞ്ഞ് വിമര്‍ശിച്ച എം. സ്വരാജിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
‘തിരുവനന്തപുരത്ത് കാരെ പോലെ ചിരിക്കാനും ചിരിപ്പിക്കാനുമുള്ള കഴിവ് തനിക്കില്ല. എനിക്ക് എം. വിജയകുമാര്‍ ആകാന്‍ അറിയില്ല. ജനങ്ങളെ ചിരിച്ച് വിഡ്ഢികളാക്കുന്ന ശൈലി തനിക്കില്ല ‘ തുടര്‍ന്ന് പ്രതിനിധി സമ്മേളനത്തിലുള്ള മറുപടിയിലും എം. സ്വരാജ് ഇത് ആവര്‍ത്തിച്ചു.
വിഎസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്നും, മുത്തച്ഛനെ പട്ടിക്കിട്ട് കൊടുത്ത കൊറിയന്‍ ഭരണാധികാരിയുടെ മാതൃകയാണ് വിഎസിനെതിരെ സ്വീകരിക്കേണ്ടതെന്നുമൊക്കെയുള്ള പാര്‍ട്ടി കോണ്‍ഗ്രസിലെ വൈറല്‍ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് വിഎസിനോട് ഏറ്റവും അടുപ്പമുളള വിജയകുമാറിനെയും സ്വരാജ് ലക്ഷ്യം വച്ചിരിക്കുന്നത്.
ഡിവൈഎഫ്ഐ യുടെ ചരിത്രത്തിലില്ലാത്ത വിധമായിരുന്നു എം. സ്വരാജിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍. സ്വരാജിനെ പെഴ്സണല്‍ മാനേജ്മെന്റ് ട്രെയിനിങ്ങിന് അയക്കണമെന്നാണ് കോഴിക്കോട് നിന്നുള്ള പ്രതിനിധി സമ്മേളനത്തില്‍ ചൂണ്ടികാട്ടിയത്. സ്വരാജിനെതിരെ ഉയര്‍ന്ന ചില വിമര്‍ശനങ്ങള്‍ ഇങ്ങനെ-
‘ ഞാനും എന്റെ തേങ്ങ വെട്ടുകാരനും എന്ന മനോഭാവമാണ് സ്വരാജിന് ‘ എന്നായിരുന്നു തെക്കന്‍ ജില്ലയില്‍ നിന്നുള്ള മറ്റൊരു പ്രതിനിധിയുടെ വിമര്‍ശനം. കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തില്‍ പങ്കെടുക്കണം എന്ന് ജില്ലാ ഘടകം ആവശ്യപ്പെപ്പോള്‍ സമയമില്ലെന്നായിരുന്നു എം സ്വരാജിന്റെ മറുപടി. ഇതായിരുന്നു പല പ്രതിനിധികളെയും ചൊടിപ്പിച്ചത്. ‘സെക്രട്ടറിയുടെ പ്രവര്‍ത്തനം മുഴുവന്‍ സമയവും നവമാധ്യമങ്ങളിലാണ്, സ്വരാജിനെ ഡിവൈഎഫ്ഐ ഫേസ്്ബുക്ക് സെക്രട്ടറിയാക്കണം, സെക്രട്ടറി ലാത്തിചാര്‍ജ്ജില്‍ പങ്കെടുത്താല്‍ സ്കൂള്‍ കുട്ടിയെ പോലെ പ്രഷ്ഠത്തില്‍ തല്ല് വാങ്ങി തടവികൊണ്ട് ഓഫീസിലേക്ക് ഓടുകയാണ്.
എന്നാല്‍ ഈ വിമര്‍ശനങ്ങളൊന്നും തത്സ്ഥാനത്ത് തുടരാന്‍ എം.സ്വരാജിന് തടസ്സമായില്ല. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും സ്വരാജ് തുടരുന്നതിനോട് പൂര്‍ണ മനസ്സുണ്ടായിരുന്നില്ല. എന്നാല്‍ സംഘടനാ ചുമതലയുള്ള എംവി ഗോവിന്ദന് മാസ്റ്ററും, പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അനുഗ്രഹാശ്ശിസുകളും സ്വരാജിന് തുണയായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃത്താലയില്‍ മത്സരിക്കാന്‍ സ്വരാജ് തയ്യാറെടുത്ത് കഴിഞ്ഞു. വിഎസിനെ എക്കാലത്തും വിമര്‍ശിച്ച് മാധ്യമ ശ്രദ്ധനേടിയ സ്വരാജിനെ പാലക്കാടന്‍ മണ്ണ് സ്വീകരിക്കുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനും, അണികള്‍ക്കുമുണ്ട്. ഇതിനിടയിലാണ് മുതിര്‍ന്ന നേതാക്കളെ അപഹസിക്കുന്ന വിധത്തിലുള്ള എം സ്വരാജിന്റെ ഇടപെടലുകള്‍.
Discussion about this post