മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് കുത്തേറ്റു. ആറ് മുറിവുകളോടെ താരത്തെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ എത്തിയ അജ്ഞാതനാണ് ആക്രമണം നടത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
വീട്ടിൽ അസ്വഭാവികമായ ശബ്ദം കേട്ട് നടനും കുടുംബവും എഴുന്നേൽക്കുകയായിരുന്നു. തുടർന്ന് വീട്ടുജോലിക്കാരിയുമായി അജ്ഞാതൻ തർക്കത്തിലേർപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ട താരം രംഗം ശാന്തമാക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അജ്ഞാതൻ അക്രമാസക്തനാകുകയും ഇരുവരും കയ്യാങ്കളിയിൽ ഏർപ്പെടുകയും കുത്തേൽക്കുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
ആക്രമണത്തിൽ താരത്തിന് പരിക്കേറ്റു. ആറ് മുറിവുകളാണ് ശരീരത്തിലുള്ളത്. ഇതിൽ രണ്ടെണ്ണം ഗൗരവമുള്ളതാണെന്ന് പോലീസ് അറിയിച്ചു.വീട്ടിലുണ്ടായത് കവർച്ച ശ്രമമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് സ്ഥിരീകരിക്കാൻ കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ് കൂട്ടിച്ചേർത്തു.








