എറണാകുളം: സാധാരണക്കാർക്ക് പോലും പോക്കറ്റ് കാലിയാവാതെ വിമാനയാത്ര സാധ്യമാക്കുന്ന എയർ കേരളയുടെ ആദ്യ വിമാനം ജൂണിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയരും. കേരളം ആസ്ഥാനമായുള്ള ആദ്യ വിമാന സർവീസായ എയർ കേരളയുടെ പ്രവർത്തന കേന്ദ്രം കൊച്ചി തന്നെയായിരിക്കും. ദക്ഷിണേന്ത്യയിലും മദ്ധ്യ ഇന്ത്യയിലുടനീളമുള്ള ആഭ്യന്തര റൂട്ടുകളെ ബന്ധിപ്പിക്കുന്ന അൾട്ര ലോ കോസ്റ്റ് കാരിയർ വിമാനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് എയർ കേരളയുടെ ലക്ഷ്യം.
സേവനത്തിന്റെ ഗുണനിലവാരത്തിൽ ഒരു തരി പോലും വിട്ടുവീഴ്ച വരുത്താതെ, എന്നാൽ, ഏത് സാധാരണക്കാരനും താങ്ങാവുന്ന ടിക്കറ്റ് നിരക്കാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്. സാധാരണക്കാരെ വിമാനയാത്ര പരിചയപ്പെടുത്തുകയും എല്ലാവർക്കും വിമാനയാത്ര സാധ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി വ്യക്തമാക്കുന്നു.
ഒന്നാം ഘട്ടത്തിൽ 76 ഇക്കണോമി സീറ്റുകളുള്ള അഞ്ച് വിമാനങ്ങൾ സർവീസ് നടത്തും. ഇതിൽ ക്യാബിൻ ക്രൂ ഉൾപ്പെടെയുള്ള അമ്പത് ശതമാനം ജീവനക്കാരും മലയാളികളായിരിക്കും. സെക്കന്റ് എസി ടിക്കറ്റിന്റെയും വോൾവോ ബസ് ടിക്കറ്റിന്റെയും നിരക്കുകളേക്കാൾ അൽപ്പം കൂടുതൽ നിരക്കിലായിരിക്കും എയർ കേരള സർവീസിന്റെ ടിക്കറ്റ് നിരക്ക്. ആദ്യ ഘട്ടം വിജയകരമായി പൂർത്തിയായതിന് ശേഷം, കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളുൾപ്പെടെയുള്ള അന്താരാഷ്ട്ര റൂട്ടുകളിലേക്ക് സർവീസുകളും ആരംഭിക്കുമെന്ന് എയർ കേരള സിഇഒ ഹരീഷ് കുട്ടി വ്യക്തമാക്കി.
Discussion about this post