ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിനെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ 26 തീവ്ര ദുരന്തങ്ങളിൽ ഉൾപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂലൈയിൽ ചൂരൽമല, മുണ്ടക്കൈ മേഖലകളിൽ അതിഭീകരമായ ഉരുൾപൊട്ടലാണ് ഉണ്ടായത്. വൻദുരന്തത്തിൽ 350-ലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്കേൽക്കുകയും ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരാവുകയും ചെയ്തതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
2024ൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അപകടങ്ങൾ 3,700 പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. ഇതോടൊപ്പം, 26 ഓളം സംഭവങ്ങളിലായി ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കാലാവസ്ഥാ കേന്ദ്രവുമായി സഹകരിച്ച് ഐക്യരാഷ്ട്രസഭയുടെ ഓഫീസ് ഫോർ ഡിസാസ്റ്റർ റിസ്‌ക് റിഡക്ഷൻ (യുഎൻഡിആർആർ) പുറത്തിറക്കിയ റിപ്പോർട്ട്, ആഗോള കാലാവസ്ഥാ പാറ്റേണുകളിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ശക്തമായ സ്വാധീനത്തെക്കുറിച്ച് വ്യക്തമാക്കുന്നു. ദുരന്തങ്ങളുടെയും അവയുടെ അനന്തരഫലങ്ങളുടെയും തോത് വർദ്ധിപ്പിക്കുന്നതിൽ കാലാവസ്ഥാ വ്യതിയാനങ്ങൾക്കുള്ള പങ്കിനെ കുറിച്ചും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തിന്റെ ആഘാതം കണക്കിലെടുത്ത് 219 സുപ്രധാന കാലാവസ്ഥാ സംഭവങ്ങളുടെ കൂട്ടത്തിലും വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം 2024-ൽ ആഗോള തലത്തിൽ ശരാശരി 41 ദിവസം കൂടി അപകടകരമായ ചൂട് അനുഭവപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. ഈ അവസ്ഥകൾ കാര്യമായ ആരോഗ്യ ഭീഷണികൾ ഉയർത്തുന്നുവെന്നും റിപ്പോർട്ട് പറയുന്നുണ്ട്.
Discussion about this post