എറണാകുളം : ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ നിഷ്ക്കരുണം കൊലപ്പെടുത്തിയ പ്രതി ഋതുവിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പോലീസ്. അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ എസ്. ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൃത്യം നടത്തിയ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചതായും കണ്ടെത്തിയിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി.
മാനസിക പ്രശ്നങ്ങൾക്കായി ഇതുവരെ ഒരു ആശുപത്രിയിലും ഋതു ചികിത്സ തേടിയിട്ടില്ല. ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നാലെ ഇയാളുടെ മാനസിക നില പരിശോധിച്ചിട്ടുണ്ട്. പ്രതി ലഹരിക്ക് അടിമയായിരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇയാൾ ലഹരിക്ക് അടിമയാണെന്ന് കണ്ടെത്തിയിട്ടില്ല എന്നും കൊലപാതകം നടത്തുന്ന സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നില്ല എന്നും പോലീസ് അറിയിച്ചു.
കോടതിയിൽ ഹാജരാക്കിയ ഋതുവിനെ റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി നാളെ കസ്റ്റഡി അപേക്ഷ നല്‍കും. ശേഷമായിരിക്കും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. അന്വേഷണവുമായി പ്രതി സഹകരിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
Discussion about this post