ന്യൂഡൽഹി: മരണപ്പെട്ട വ്യക്തിയുടെ ദുഃഖിതരായ കുടുംബാംഗങ്ങളുടെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കാനുള്ളതല്ല “ആത്മഹത്യാ പ്രേരണ” കുറ്റമെന്ന് സുപ്രീം കോടതി. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റം വ്യക്തികൾക്കെതിരെ യാന്ത്രികമായി ചുമത്തരുതെന്നും സുപ്രീം കോടതി വെള്ളിയാഴ്ച പറഞ്ഞു.
മധ്യപ്രദേശ് ഹൈക്കോടതിയുടെ ഒരു ഉത്തരവിനെതിരെ മഹേന്ദ്ര അവാസെ എന്ന വ്യക്തി സമർപ്പിച്ച ഹർജിയിലാണ് വിധി. നേരത്തെ ഐപിസി സെക്ഷൻ 306 പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷ മധ്യപ്രദേശ് ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് അവാസെ സുപ്രീം കോടതിയിൽ ഹര്ജി നൽകിയത്.
“ആത്മഹത്യക്കുറിപ്പ് വായിച്ചതിൽ നിന്ന്, മരിച്ചയാൾ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ അപ്പീൽക്കാരൻ ആവശ്യപ്പെട്ടതായി മനസ്സിലായിട്ടുണ്ട്. തൊഴിലുടമയുടെ നിർദ്ദേശപ്രകാരം കുടിശ്ശികയുള്ള വായ്പകൾ തിരിച്ചടയ്ക്കാനുള്ള കടമ നിറവേറ്റുകയാണ് അപ്പീൽക്കാരൻ ചെയ്തത്. ഈ പ്രവൃത്തിയെ മരിച്ചയാളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചുവെന്ന് പറയാനാവില്ല,” കോടതി പറഞ്ഞു.
“നിർദ്ദേശിക്കപ്പെട്ട പ്രതിയുടെയും മരിച്ചയാളുടെയും പെരുമാറ്റം, മരിച്ചയാളുടെ ദൗർഭാഗ്യകരമായ മരണത്തിന് മുമ്പുള്ള അവരുടെ ഇടപെടലുകളെയും സംഭാഷണങ്ങളെയും പ്രായോഗിക വീക്ഷണകോണിൽ നിന്ന് സമീപിക്കണം. നമ്മൾ ഒക്കെ കടന്നുപോകുന്ന ദൈനംദിന ജീവിത യാഥാർത്ഥ്യങ്ങളെയും ഇതിൽ പരിഗണിക്കണം. കോടതി പറഞ്ഞു
Discussion about this post