തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന് പ്രഖ്യാപിക്കും .ഒന്നാം പ്രതി ഗ്രീഷ്മ , മൂന്നാം പ്രതി ഗ്രീഷ്മയുടെ അമ്മാവൻ നിർമലകുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിവെറുതെ വിട്ടു. അതേസമയം പ്രതികൾക്ക് പറയാനുള്ളതും കൂടി കേട്ട ശേഷമായിരിക്കും നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി ശിക്ഷാവിധി പ്രഖ്യാപിക്കുക.
ഒന്നാം പ്രതി ഗ്രീഷ്മയ്‌ക്കെതിരെ കൊലപാതകം, വിഷം കൊടുത്ത അപായപ്പെടുത്തൽ , പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉയർന്നത്. ഇതെല്ലാം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട് എന്നാണ് പോലീസ് വ്യക്തമാക്കിയത്. അതേസമയം ഗ്രീഷ്മയുടെ അമ്മാവൻ നിർമല കുമാരൻ നായർക്കെതിരെ തെളിവു നശിപ്പിച്ചതിനാണ് കേസ്.
2022 ഒക്ടോബർ 14-നാണ് ഷാരോൺ രാജിനെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകി കൊലപ്പെടുത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25-ന് ഷാരോൺ രാജ് മരണപ്പെടുകയായിരുന്നു.
പഠിക്കാൻ സമർത്ഥയായ ഗ്രീഷ്മ ആ മിടുക്കോടെയാണ് കാമുകനായ ഷാരോണിന്റെ കൊലപാതകം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും. ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ കൊടും ക്രിമിനലുകളെ വെല്ലുന്ന ആസൂത്രണ മികവോടെയായിരുന്നു ഗ്രീഷ്മ എല്ലാം ചെയ്തത്.എന്നാൽ പൊലീസ് ഗ്രീഷ്മയുടെ നീക്കങ്ങൾ എല്ലാം ഒന്നൊന്നായി തകർക്കുകയായിരുന്നു.
Discussion about this post