ന്യൂഡൽഹി : വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നാലാം തലമുറ ബിഎംഡബ്ല്യു X3 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025-ൽ ആണ് ബിഎംഡബ്ല്യു X3 ലോഞ്ചിങ്ങ് നടന്നത്. രണ്ട് വേരിയന്റുകളിൽ ആയാണ് X3 അവതരിപ്പിച്ചിരിക്കുന്നത്
2024 ജൂണിൽ ആയിരുന്നു X3 ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. അതിനാൽ തന്നെ ഇന്ത്യയിലെ ലോഞ്ചിങ്ങിനായി ആരാധകർ കാത്തിരിക്കുകയായിരുന്നു. ബിഎംഡബ്ല്യു 5 സീരീസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ആണ് X3യുടെ ഒരു പ്രധാന ആകർഷണം. പെട്രോൾ, ഡീസൽ വേരിയന്റുകളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്.
എക്സ് ഷോറൂം പ്രാരംഭ വില 75.8 ലക്ഷം രൂപയിലാണ് X3 ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എല്ലാ ആധുനിക ഫീച്ചറുകളും ഉൾക്കൊള്ളുന്ന ആഡംബര ക്യാബിൻ X3യുടെ സവിശേഷതകളിൽ ഒന്നാണ്. 14.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുന്നു. ADAS, മൾട്ടിപ്പിൾ എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസൻ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ്, പാർക്കിംഗ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള സാങ്കേതിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹർമൻ കാർഡോണിൻ്റെ 15-സ്പീക്കർ സൗണ്ട് സിസ്റ്റം, ട്രൈ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയൻ്റ് ലൈറ്റിംഗ്, ഒരു പനോരമിക് സൺറൂഫ് തുടങ്ങിയ പ്രീമിയം സൗകര്യങ്ങളും ബിഎംഡബ്ല്യു X3 ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യൻ വിപണിയിൽ X3 പെട്രോൾ വേരിയൻ്റിന് 75.80 ലക്ഷം രൂപയും ഡീസൽ വേരിയൻ്റിന് 77.80 ലക്ഷം രൂപയുമാണ് വില.
Discussion about this post