സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികള്‍ മലയാളി പെണ്‍കുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ 72 പേരും. വിവാഹാലോചനയുമായി മലയാളി പെണ്‍കുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിച്ചും ബ്രോക്കര്‍മാര്‍ വഴിയുമാണ് ഇവര്‍ വിവാഹം നടത്തിയത്.
എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് ഈ വിവാഹങ്ങളെല്ലാം നടന്നിരിക്കുന്നത്. ഇങ്ങനെ വിവാഹിതരായവര്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികള്‍ വോട്ടര്‍ പട്ടികയിലും അംഗങ്ങളായെന്നു യൂണിയന്‍ അവകാശപ്പെടുന്നു.
24 വര്‍ഷം മുന്‍പു ഒഡിഷയില്‍ നിന്നു തൊഴില്‍ തേടിയെത്തിയ രാജേന്ദ്ര നായിക്ക് എറണാകുളം ജില്ലയില്‍ വാഴക്കുളം പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി പട്ടികയില്‍ അംഗമായിട്ടുണ്ട്. ഭവന നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളില്‍ നാഷനല്‍ മൈഗ്രന്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂര്‍ത്തിയായെന്നു ഓര്‍ഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു.
Discussion about this post