ഇന്ത്യയുടെ ജാവലിൻ സൂപ്പർസ്റ്റാർ ഒളിമ്പ്യൻ നീരജ് ചോപ്ര വിവാഹിതനായി. വിവാഹ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് താരം തന്നെയാണ് താൻ വിവാഹിതനായി എന്ന വാർത്ത പുറത്തുവിട്ടത്. സ്വകാര്യ ചടങ്ങുകൾ മാത്രമായാണ് വിവാഹം നടത്തിയത്.
ഹിമാനി ആണ് നീരജ് ചോപ്രയുടെ വധു. വധുവിനെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പാരീസ് ഗെയിംസിൽ നീരജ് ചോപ്ര തൻ്റെ രണ്ടാം ഒളിമ്പിക് മെഡൽ നേടിയതിന് മാസങ്ങൾക്ക് ശേഷമാണ് വിവാഹം. സമൂഹമാധ്യമങ്ങളിൽ നീരജ് പങ്കുവെച്ച ചിത്രത്തിന് പ്രമുഖ കായികതാരങ്ങൾ അടക്കം നിരവധി പേർ ആശംസകൾ നേർന്നു.
“എൻ്റെ കുടുംബത്തോടൊപ്പം ജീവിതത്തിൻ്റെ ഒരു പുതിയ അധ്യായം ആരംഭിച്ചു. ഞങ്ങളെ ഒരുമിച്ച് ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുണ്ട്. സ്നേഹത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ,” എന്ന കുറിപ്പോടെയാണ് നീരജ് ചോപ്ര വിവാഹചിത്രം പങ്കുവെച്ചിരിക്കുന്നത്. 2021-ൽ ഒളിമ്പിക്സിൽ ട്രാക്ക് ആൻഡ് ഫീൽഡ് ഇനത്തിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി ആണ് നീരജ് ശ്രദ്ധ നേടുന്നത്.
Discussion about this post