കോയമ്പത്തൂര്‍ ന്മ യുട്യൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രശസ്തനാക്കാമെന്ന യുട്യൂബറുടെ വാക്കുകേട്ട് കഴുത്തിലെ പുലിനഖത്തിന്റെ കഥ പറഞ്ഞയാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ രാമനാഥപുരത്തെ വ്യവസായി ബാലകൃഷ്ണനാണ് വിഡിയോ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റിലായത്.
കോയമ്പത്തൂരിലെ സ്വകാര്യ ചടങ്ങിനിടെ, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ യുവാവ് ബാലകൃഷ്ണനെ പരിചയപ്പെടുകയായിരുന്നു. നാട്ടുരാജാവ് പോലുള്ള താങ്കളെ വിഡിയോയിലൂടെ പ്രശസ്തനാക്കാമെന്ന വാക്ക് കേട്ടാണ് കഴുത്തിലണിഞ്ഞിട്ടുള്ള പുലിനഖങ്ങളുള്ള മാല വിഡിയോയില്‍ കാണിച്ചത്.
താന്‍ വേട്ടയാടിയതല്ലെന്നും ആന്ധ്രപ്രദേശില്‍നിന്നു വിലയ്ക്കു വാങ്ങിയാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. എംജിആര്‍ ചിത്രങ്ങള്‍ നിര്‍മിച്ചു പ്രശസ്തനായ സാന്റോ ചിന്നപ്പ തേവരുടെ ബന്ധുവാണ് താനെന്നൊക്കെ ഈ വീഡിയോയില്‍ വ്യവസായി അവകാശപ്പെട്ടു.
വിഡിയോ വൈറലായതോടെ കോയമ്പത്തൂര്‍ വനം വകുപ്പ് അധികൃതര്‍ ബാലകൃഷ്ണന്റെ വീട്ടില്‍ വിശദമായ പരിശോധന നടത്തി. പരിശോധനയില്‍ മാന്‍ കൊമ്പുകളും കണ്ടെത്തി. തുടര്‍ന്ന് ശനിയാഴ്ച വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. പ്രതി പുലിനഖമെന്ന് അവകാശപ്പെടുന്ന ആഭരണം അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന് (എഐഡബ്ല്യുസി) അയച്ച് ഫലം ലഭിക്കുന്നതിന് അനുസരിച്ച് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി.
Discussion about this post