കൊല്ലം: ഓണ്‍ലൈന്‍ പെയ്മെന്റ് നടത്താന്‍ കഴിയാതെ വന്ന സാഹര്യത്തില്‍ ഗൂഗിളില്‍ തിരഞ്ഞ് കണ്ടെത്തിയ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ ബന്ധപ്പെട്ട യുവതിക്ക് ഒറ്റയടിക്ക് നഷ്ടമായത് 10 ലക്ഷം രൂപ. കരുനാഗപ്പള്ളി മാരാരിത്തോട്ടം സ്വദേശിനിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്.
സംഭവത്തില്‍ ജാര്‍ഖണ്ഡ് ജാംതാര കര്‍മ്മ താര്‍ സ്വദേശി അക്തര്‍ അന്‍സാരിയാണ് (27) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ടെലി മാര്‍ക്കറ്റിംഗ് കോളിലൂടെ ആളുകളുടെ കയ്യില്‍ നിന്ന് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍.
കഴിഞ്ഞ ജനുവരിയിലാണ് പരാതിക്ക് കാരണമായ സംഭവം നടക്കുന്നത്. ഗൂഗിളില്‍ പ്രതി ഉള്‍പ്പെട്ട തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറിലേക്കാണ് യുവതി വിളിച്ചത്. സഹായിക്കാമെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഒ.ടി.പി പാസ്വേര്‍ഡ് ഉള്‍പ്പടെ കൈകലാക്കിയാണ് പണം തട്ടിയത്.
തട്ടിപ്പ് നടത്തിയ ശേഷം ഉപേക്ഷിച്ച ഒരു സിം കാര്‍ഡിന്റെ സ്വിച്ച് ഒഫ് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അന്വേഷണ സംഘം ജാര്‍ഖണ്ഡിലെത്തി. ഇയാളുടെ ഗ്രാമത്തില്‍ പൊലീസ് സംഘം 13 ദിവസം താമസിച്ച് കാര്യങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ശേഷം ഇന്നലെ പുലര്‍ച്ചയോടെ പിടികൂടുകയുമായിരുന്നു.
Discussion about this post