കോഴിക്കോട്: സംസ്ഥാനത്ത് റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. റോഡപകടങ്ങളില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് അവസാനിപ്പിക്കുന്നതിനും റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ശാസ്ത്രീയമായി സ്വീകരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് അയച്ചത്. കോഴിക്കോട് നഗരത്തിലുണ്ടാകുന്ന ഗതാഗത നിയമലംഘനങ്ങളുടെ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
നിര്‍ദേശങ്ങള്‍
അപകട മേഖലയ്ക്ക് മുന്‍ഗണന നല്‍കി റോഡുകളുടെ അറ്റകുറ്റപണികള്‍ യഥാസമയം നടപ്പിലാക്കണം.
കാല്‍നടയാത്രികര്‍ക്കും സൈക്കിള്‍ ഉപയോക്താക്കള്‍ക്കുമായി റോഡില്‍ സുരക്ഷിത സൗകര്യം ഒരുക്കണം.
ഹൈവേകളിലും ജങ്ഷനുകളിലുമായി പരിമിതപ്പെടുത്തിയിരിക്കുന്ന കാമറകളും സ്മാര്‍ട്ട് ട്രാഫിക് സിഗ്‌നലുകളും മറ്റ് ഭാഗങ്ങളിലും വ്യാപിപ്പിക്കണം.
തടസരഹിതമായി സഞ്ചരിക്കാന്‍ നടപ്പാതകള്‍ ഒരുക്കണം .
പൊതുഗതാഗതം വിപുലീകരിച്ച് സ്വകാര്യ വാഹനങ്ങള്‍ പരിമിതപ്പെടുത്തണം.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ പൊതുവാഹനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം.
നഗരത്തിനുള്ളിലും നഗരങ്ങള്‍ തോറും സുഖപ്രദമായ യാത്രകള്‍ ഒരുക്കാന്‍ ഉതകുന്ന ബസുകള്‍ പുറത്തിറക്കണം.
വൈ – ഫൈ ഉള്‍പ്പെടെ സജ്ജമാക്കിയ ഉന്നതനിലവാരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ ബസ് ടെര്‍മിനലുകള്‍ സ്ഥാപിക്കണം.
ട്രാഫിക് ബ്ലോക്കുകള്‍ ഒഴിവാക്കി, നിശ്ചിത സമയംകൊണ്ട് യാത്ര ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് ട്രാഫിക് മാനേജ്‌മെന്റ് സംവിധാനത്തിന് രൂപം നല്‍കണം.
കാര്‍, ബൈക്കുകള്‍ എന്നിവ പങ്കിട്ട് ഉപയോഗിക്കുന്ന തരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം നിരത്തില്‍ നിയന്ത്രിക്കണം.
ഗതാഗത നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍, പോലീസ് വകുപ്പുകളില്‍ മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കണം.
മോട്ടോര്‍ വെഹിക്കിള്‍, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ആധുനിക ഗതാഗത സംസ്‌കാരത്തെ കുറിച്ച് പരിശീലനം നല്‍കണം.
മാനേജ്‌മെന്റ്, ട്രാഫിക് മാനേജ്‌മെന്റ്, അടിയന്തര ഘടങ്ങളിലുള്ള ഇടപെടല്‍ എന്നിവയില്‍ പരിശീലനം നല്‍കണം. ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കണം.
ഗതാഗത നിയമലംഘനങ്ങള്‍ കര്‍ശനമായി തടയണം.
ഇടതുവശത്തിലൂടെയുള്ള ഓവര്‍ ടേക്കിംഗ് തടയണം.
ഇടതുവശത്തേക്കുള്ള (ഫ്രീ ലഫ്റ്റ്) ഗതാഗതം തടയുന്ന തരത്തില്‍ വാഹനം നിര്‍ത്തുന്നവര്‍ക്ക് പിഴയിടണം.
ഹൈ ബീം ലൈറ്റുകളുടെ ദുരുപയോഗം തടയണം.
സീബ്രാ ക്രോസിംഗ് അവഗണിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം.
നടപ്പാതകള്‍ കൈയേറുന്ന കച്ചവടക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
ഡ്രൈവര്‍മാര്‍, കാല്‍നട യാത്രികര്‍, സൈക്കിള്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് മികച്ച റോഡ് സംസ്‌കാരത്തെ കുറിച്ച് ബോധവല്‍ക്കരണം നല്‍കണം.
ഡ്രൈവര്‍മാര്‍ക്ക് മികച്ച ഗതാഗത സംസ്‌കാരത്തെ കുറിച്ച് പരിശീലനം നല്‍കണം.
മികച്ച ഡ്രൈവര്‍മാര്‍ക്ക് മാത്രം ലൈസന്‍സ് അനുവദിക്കണം.
വാഹനങ്ങള്‍ക്ക് ക്യത്യസമയത്ത് പരിശോധന ഉറപ്പാക്കണം.
എല്ലാ വാഹനങ്ങളിലും എയര്‍ ബാഗും ആന്റി ലോക്കിങ് ബ്രേക്ക് സിസ്റ്റവും സ്ഥാപിക്കണം.
വാഹനാപകടങ്ങളുടെ കണക്കിന്റെ അടിസ്ഥാനത്തില്‍ അപകട സാധ്യതാ മേഖലകളില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ കണ്ടെത്തണം.
റോഡ് സുരക്ഷിതത്വ ഓഡിറ്റ് നടത്തണം.
സര്‍ക്കാര്‍ ഏജന്‍സികള്‍, ട്രാഫിക് ഏജന്‍സികള്‍, ഗതാഗത മേഖലയിലെ മറ്റ് സംവിധാനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ കൂടിയാലോചനകള്‍ നടത്തി സുരക്ഷിത ഗതാഗതം ഉറപ്പാക്കണം.
റോഡ് സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കണം.
Discussion about this post