വാഷിംഗ്ടൺ : ലോകാരോഗ്യസംഘടനയിൽ നിന്ന് പിൻമാറി ഡൊണൾഡ് ട്രംപ്. ഭരണകൂടം നടപ്പിലാക്കിയ പല നയങ്ങളും പഴയപടിയാക്കാൻ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു. യുഎസിന്റെ 47-ാമത് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം അമേരിക്കയെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം.
ആദ്യ പ്രസംഗത്തിൽ തന്നെ, അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ അമേരിക്കൻമെക്‌സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ട്രംപ്. രേഖകളില്ലാതെ അമേരിക്കയിൽ തങ്ങുന്ന ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. യുഎസ്-മെക്‌സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് പ്രസിഡന്റ് അറിയിച്ചതോടെ എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നിയമവിരുദ്ധമായ കുടിയേറ്റം തടയാൻ നാടുകടത്തൽ നടപടികൾ വർദ്ധിപ്പിക്കുമെന്നും എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഉടൻ പുറപ്പെടുവിക്കുമെന്നും ട്രംപ് അറിയിച്ചു.
പാനമ കനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. ബൈഡൻറെ കാലത്ത് എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങളോടുള്ള തുറന്ന സമീപനങ്ങളെ തള്ളിയ ട്രംപ്, അമേരിക്കയിൽ ആൺ പെണ്ണ് എന്നിങ്ങനെ രണ്ട് വർഗം മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി.
അമേരിക്കക്കാരിൽ കാര്യമായ സ്വാധീനം ചെലുത്തിയ ജീവിതച്ചെലവ് പ്രതിസന്ധി പരിഹരിക്കാനും പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിന്മാറാനും ലക്ഷ്യമിട്ടുള്ള ഉത്തരവുകളിലും ട്രംപ് ഒപ്പുവച്ചു. കൂടാതെ, അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിനും സർക്കാർ സെൻസർഷിപ്പ് തടയുന്നതിനും രാഷ്ട്രീയ എതിരാളികൾക്കെതിരായ സർക്കാരിന്റെ ആയുധവൽക്കരണം അവസാനിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിർദ്ദേശങ്ങളിലും അദ്ദേഹം ഒപ്പുവച്ചു. മുൻ ഭരണകാലത്ത് കണ്ടതുപോലെ, രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാർ ഏജൻസികളുടെ ആയുധവൽക്കരണം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് നിർദ്ദേശം നൽകി.
കൂടാതെ യുഎസിൽ നിരോധനം ഏർപ്പെടുത്തിയ ടിക് ടോക്കിന് നിയമപരമായി പ്രവർത്തിക്കാൻ ട്രംപ് 75ദിവസത്തെ സാവകാശം നൽകി. ടിക് ടോക് ഏറ്റെടുക്കാൻ അമേരിക്കയിൽ നിന്ന് ഉടമസ്ഥനെ കണ്ടെത്തണമെന്നാണ് നിർദേശം. ചൈനയുടെ ഉടമസ്ഥതയിൽ നിന്ന് മാറിയാൽ നിരോധനം പിൻവലിക്കുമെന്നും ട്രംപ് അറിയിച്ചു.
അമേരിക്കയുടെ സുവർണകാലഘട്ടം തുടങ്ങിയെന്നാണ് സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയുള്ള പ്രസംഗത്തിൽ ട്രംപ് വ്യക്തമാക്കിയത്. ഇനി നീതിപൂർവ്വമായ ഭരണം നടപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്തു.
Discussion about this post