തിരുവനന്തപുരം : വർഷങ്ങളായി കേരള ബാങ്കിൽ കയറി ഇറങ്ങുകയാണ് തിരുവനന്തപുരത്ത് ഒരു യുവാവ്. എടുക്കാത്ത വായ്പയ്ക്ക് വന്ന തിരിച്ചടവ് നോട്ടീസിന്റെ പേരിലാണ് വർഷങ്ങളായി യുവാവ് ബാങ്കിൽ കയറി ഇറങ്ങുന്നത്. കാട്ടാക്കട നാൽപ്പറക്കുഴി സ്വദേശി റെജിക്കാണ് ഊരാക്കുരുക്ക് കിട്ടിയത്. 2008ൽ റെജിയുടെ പേരിൽ ബാങ്ക് ജീവനക്കാരിൽ ആരോ എടുത്ത വ്യാജ വായ്പയാണ് കുരുക്കായി മാറിയത്.
2006ൽ ബിസിനസ് ആവശ്യത്തിനായി അന്നത്തെ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് അമ്പതിനായിരം രൂപ വായ്പ എടുത്തിരുന്നു. അതിൽ ആകെ 6000 രൂപ മാത്രമാണ് തിരിച്ച് അടയ്ക്കാൻ ബാക്കിയുണ്ടായിരുന്നത്. അതിനിടയിൽ റെജി മലേഷ്യയിൽ ജോലി കിട്ടി പോവുകയും ചെയ്തു. ബാക്കിയുള്ള തിരിച്ചടവ് അമ്മക്ക് പണം അയച്ച് നൽകി ലോൺ ക്ലോസ് ചെയ്തു. എന്നാൽ ബാങ്കിംഗ് രീതിയെ കുറിച്ച് പരിജ്ഞാനമില്ലാത്ത അമ്മ ലോൺ ക്ലോസ് ചെയ്ത റെസീപ്റ്റ് വാങ്ങിയില്ല. ഇത് മുതലെടുത്താണ് അന്നുണ്ടായിരുന്ന ജീവനക്കാർ തട്ടിപ്പ് നടത്തിയത്. ലോൺ എടുത്ത് തീയതിയിലാണെങ്കിൽ റെജി മല്യേഷയിലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
തട്ടിപ്പിലൂടെ എടുത്ത വായ്പ ആദ്യം റെജി തിരിച്ചടച്ചു. രണ്ടുമാസങ്ങൾക്ക് ശേഷം വിദേശത്തെ ജോലി മതിയാക്കി റെജി നാട്ടിലെത്തി. 2008 ജനുവരിയിൽ റെജിയുടെ അക്കൗണ്ട് നമ്പർ ഉപയോഗിച്ച് വീണ്ടും അമ്പതിനായിരം രൂപ വായ്പയെടുത്തു. ഇത് തിരിച്ചടച്ചില്ല. 2010ൽ നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടന്നകാര്യം അറിയുന്നത്.
അന്നത്തെ ജില്ലാ സഹകരണ ബാങ്ക് ഇന്ന് കേരള ബാങ്കാണ്. ഇപ്പോൾ പലിശയും പിഴ പലിശയും ചേർത്ത് ഒരു ലക്ഷത്തി 89,000 രൂപ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് വരുന്നത്. എന്നാൽ എടുക്കാത്ത ലോൺ തിരിച്ചടക്കില്ല എന്നാണ് റെജിയുടെ നിലപാട്. പണം തിരച്ചടക്കണമെന്ന നിലപാടിലാണ് കേരള ബാങ്കും.












