കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എൻഎം വിജയൻ സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. അതേസമയം, എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വൈകാതെ തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസമാണ് പ്രേരണ കുറ്റം ചുമത്തിയ മൂന്നു കോൺഗ്രസ് നേതാക്കളായ എംഎൽഎ ഐസി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻ്റ് എൻഡി അപ്പച്ചൻ, മറ്റൊരു കോൺഗ്രസ് നേതാവ് കെകെ ഗോപിനാഥ് എന്നിവർക്ക് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉപാധികളോടെ മുൻകൂർജാമ്യം അനുവദിച്ചത്. എൻഎം വിജയൻ്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കത്തിപ്പടർന്നതോടെ മറ്റു വഴികളില്ലാതെ നിലപാട് മയപ്പെടുത്തുകയായിരുന്നു.
അതേസമയം, ഔദ്യോഗികമായി ഇതുവരെ അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. എന്നാൽ അധികം വൈകാതെ തന്നെ അതുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
2024 ഡിസംബർ 27 നാണ് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് 78 കാരനായ വിജയനും മകൻ ജിജേഷും (38) മരണമടഞ്ഞത് . ബാലകൃഷ്ണൻ ഉൾപ്പെട്ട ഒരു സഹകരണ ബാങ്ക് ജോലി തട്ടിപ്പാണ് ഇരുവരെയും ഈ കടുത്ത നടപടിയിലേക്ക് നയിച്ചത്.
Discussion about this post