തിരുവനന്തപുരം: സ്വന്തം ഇഷ്ടത്തിന് കാര്യങ്ങൾ നടപ്പിലാക്കാൻ പി വി അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. ടിഎംസി കേരള പ്രദേശ് പ്രസിഡന്‍റ് സി ജി ഉണ്ണിയാണ് അൻവറിന്റെ നിലപാടുകൾക്കെതിരെ ശക്തമായി രംഗത്ത് വന്നത്.
5000 കോടി മമതാ ബാനർജി തനിക്ക് നൽകാൻ പോകുന്നു, രാജ്യസഭാ എം പി ആക്കാൻ പോകുന്നു തുടങ്ങിയ ഇല്ലാ കഥകള്‍ പറഞ്ഞ് ആളാവാനാണ് അൻവറിന്‍റെ ശ്രമം. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കാൻ അൻവറിന് ആരും അധികാരം കൊടുത്തിട്ടില്ല. ഇപ്പോൾ അൻവറിന് നൽകിയ കണ്‍വീനര്‍ പോസ്റ്റ്‍ താത്കാലികം മാത്രമാണ്. ഇത്തരം നടപടികളുടെ പശ്ചാത്തലത്തിൽ അൻവറിനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും സി ജി ഉണ്ണി പറഞ്ഞു.
അൻവറിന്റെ മുൻകാല ചെയ്തികളിൽ നടപടിയുണ്ടാകുമ്പോള്‍ അത് മുസ്ലിം വികാരം ഉണര്‍ത്താൻ വേണ്ടി ഉപയോഗിക്കുകയാണ് അദ്ദേഹം . മുസ്ലിമിനെതിരായ പീഡനമായിട്ടാണ് അൻവര്‍ അതിനെ ചിത്രീകരിക്കുന്നത്. ഒരു മതേതര പ്രസ്ഥാനമായ തൃണമൂല്‍ കോണ്‍ഗ്രസിൽ ജാതി സ്പിരിറ്റോടെ കയറി വന്ന് ആ ജാതിയെ മാത്രം ഫോക്കസ് ചെയ്ത് അവരുടെ മൊത്തക്കച്ചവടം അൻവറിനെ ആരും ഏൽപ്പിച്ചിട്ടില്ല. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ അൻവറിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. സി ജി ഉണ്ണി പറഞ്ഞു.
Discussion about this post