ന്യൂഡൽഹി: പാകിസ്താൻ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ നിലപാട് വീണ്ടും കടുപ്പിച്ച് ഇന്ത്യ. രാജ്യത്തിന്റെ ജേഴ്‌സിയിൽ ആതിഥേയരായ പാകിസ്താന്റെ പേര് എവിടെയും ഉൾപ്പെടുത്തേണ്ടെന്നാണ് നിലവിലെ തീരുമാനം എന്നാണ് വിവരം. ക്യാപ്റ്റൻസ് മീറ്റിന് ഇന്ത്യൻ നായകൻ രോഹിത് ശർമയെ പാകിസ്താനിലേക്ക് അയക്കേണ്ടതില്ല എന്ന തീരുമാനവും ഇതിനോടൊപ്പം ചർച്ചയാവുന്നുണ്ട്.
ഇതിന് പിന്നാലെ ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കൊണ്ടുവരികയാണെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആരോപിച്ചു.ബിസിസിഐ ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുകയാണ്. അത് മത്സരത്തിന് ഒരിക്കലും ഗുണം ചെയ്യില്ല. അവർ പാകിസ്താനിലേക്ക് വരാൻ തയ്യാറല്ല. ഉദ്ഘാടനച്ചടങ്ങിന് ക്യാപ്റ്റനെ അയച്ചില്ല. ഇപ്പോഴിതാ ആതിഥേയ രാജ്യത്തിന്റെ പേര് ജേഴ്സിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ഐസിസി ഇത്തരം പ്രവണതകൾ തടയുമെന്നും പാകിസ്താനെ പിന്തുണയ്ക്കുമെന്നുമാണ് ഞങ്ങളുടെ വിശ്വാസമെന്ന് പിസിബി പറയുന്നു.
അടുത്ത മാസം 19നാണ് പാകിസ്താൻ വേദിയാകുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമാകുന്നത്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലേക്ക് മാറ്റി.
Discussion about this post